KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂവപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ; വൻ ദുരന്തം ഒഴിവായി..

എരുമേലി : കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വളവിൽ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം തൊട്ടു താഴെയുള്ള താഴ്ചയിലേക്ക് മറിഞ്ഞു വീഴുന്ന അവസ്ഥയിൽ ചെരിഞ്ഞു നിന്നു. യാത്രക്കാരെ ഡ്രൈവറുടെ സീറ്റിലെ വാതിൽ വഴി പുറത്തിറക്കി ബസിലെ ഭാരം കുറഞ്ഞതോടെ മറിയുമെന്ന സ്ഥിതിയ്ക്ക് അയവായി. അപകടത്തിൽ ആർക്കും പരിക്കില്ല.

ശനിയാഴ്ച രാവിലെ 11 മണിയോടെ എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കൂവപ്പള്ളിക്ക് അടുത്ത് നരകം പടി ഭാഗത്ത്‌ ആണ് അപകടം. ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകടം സൃഷ്ടിച്ചതെന്ന് സ്ഥലത്ത് എത്തിയ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അശ്രദ്ധ അല്ലന്നും ബസ് തിരിഞ്ഞു കിട്ടാതെ പ്രയാസപ്പെട്ട് ആണ് ഡ്രൈവ് ചെയ്തതെന്നും ഇത് മനസിലായതോടെ ജാഗ്രതയോടെ ആണ് ഡ്രൈവ് ചെയ്തതെന്നും ബ്രേക്ക്‌ കൃത്യമായി നന്നായി പ്രവർത്തിച്ചില്ല എന്നും ഡ്രൈവർ പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഡ്രൈവർ പറയുന്നു.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വൈദ്യുതി പോസ്റ്റിലിടിച്ചത്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. 15 അടിയോളം താഴ്ചയിലുള്ള കുഴിയിലേക്ക് മറിയുന്ന നിലയിലാണ് ബസ് നിന്നത്. വൈദ്യുതി പോസ്റ്റിൽ തട്ടി നിന്നതിനാൽ ബസ് താഴേക്ക് പതിക്കാതെ വൻ അപകടം ആണ് ഒഴിവായത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കുകളില്ല. ബസ് അപകടത്തിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ഡോർ വഴി മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. കാഞ്ഞിരപ്പള്ളി പോലിസ് സ്ഥലത്ത് എത്തിയിരുന്നു.

error: Content is protected !!