KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ പോർട്ടബിൾ എക്സ്-റേ യുണിറ്റ് സ്ഥാപിച്ചു ; അത് സ്ഥിരം സംവിധാനം ആക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി.

എരുമേലി : ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്കും പ്രദേശവാസികൾക്കും മെച്ചപ്പെട്ട ആരോഗ്യസേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പോർട്ടബിൾ എക്സ്-റേ യൂണിറ്റിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ നിർവഹിച്ചു.

നിലവിൽ താൽക്കാലികമായി അനുവദിച്ചിട്ടുള്ള എക്സ്-റേ യൂണിറ്റ് സ്ഥിരമായി ആശുപത്രിയിൽ ലഭ്യമാക്കുന്നതിനായി ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ എക്സ്-റേ യൂണിറ്റ് സ്ഥിരമായി അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട് എന്നും എംഎൽഎ അറിയിച്ചു.

ഇത്തവണ ശബരിമല സീസണിന്റെ തുടക്കത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ എരുമേലിയിൽ നടന്ന മുന്നൊരുക്ക അവലോകന യോഗത്തിൽ സർക്കാർ ആശുപത്രിയിൽ എക്സറേ സൗകര്യം ഇല്ലന്ന് പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് മന്ത്രി നിർദേശം നൽകിയാണ് ഇപ്പോൾ താൽക്കാലികമായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

ശബരിമല സീസണിൽ അപകടങ്ങളിൽ പരിക്കേറ്റ് അസ്ഥിയ്ക്ക് പൊട്ടൽ, ക്ഷതം സംഭവിച്ച് എത്തുന്നവർക്ക് എക്സ്റേ സംവിധാനം ഇല്ലാത്തത് മൂലം കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. ഗുരുതര പരിക്കുകളുമായി വരുന്നവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യുകയാണ് ചെയ്തിരുന്നത്. എക്സറേ സൗകര്യം ആയതോടെ മെച്ചപ്പെട്ട ചികിത്സ ഇനി ലഭ്യമാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. പി എ ഷമീർ പറഞ്ഞു. ബ്ലോക്ക്‌ അംഗങ്ങളായ വി ടി അയൂബ് ഖാൻ, പ്രകാശ് പുളിക്കൽ, ബിനു മറ്റക്കര, അഡ്വ. പി ജി സൂര്യകല, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, മെമ്പർ നാസർ പനച്ചി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!