KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“എല്ലാരും പാടുന്നു” പനമറ്റം ദേശീയവായനശാലയിൽ പാട്ടുനിറഞ്ഞ് 50-ാം മാസ ആഘോഷം.

പനമറ്റം: ദേശീയവായനശാലയിൽ “എല്ലാരും പാടുന്നു” എന്ന സംഗീത കൂട്ടായ്മയുടെ അൻപതാം മാസ ആഘോഷത്തിൽ മണിക്കൂറുകൾ നീണ്ട പാട്ടുത്സവം. കുട്ടികളും മുതിർന്നവരുമായി 39 പേർ വേദിയിൽ പാടി. പാട്ടുത്സവത്തിന്റെ ഉദ്ഘാടനം നടത്തിയത് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ.

കോളേജുപഠനകാലത്ത് യേശുദാസിന്റെ പാട്ട് വേദിയിൽ കേട്ട അനുഭവം ശരത്ചന്ദ്രവർമ പങ്കുവെച്ചു. ദാസേട്ടൻ പാടിക്കഴിഞ്ഞപ്പോൾ ഒരു മനുഷ്യനും കൈയടിക്കുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ കൈയടിച്ചു. അതോടെ കരഘോഷമായി. അവർ പാട്ടിൽ ലയിച്ചു എല്ലാം മറന്നിരുന്നുപോയിരുന്നു.

വേദിയിലെ പാട്ടുകൾ ശരത്ചന്ദ്രവർമ ആസ്വദിക്കുകയും അഭിനന്ദിക്കുകയും തിരുത്തലുകൾ നിർദേശിക്കുകയും ചെയ്തു. 2.25-ന് തുടങ്ങിയ പരിപാടി തീർന്നപ്പോൾ ഏഴരയായി. വായനശാല പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു.

2019 ജൂലൈയിൽ സംഗീ തജ്ഞൻ കെപിഎസി രവി ഉദ്ഘാടനം ചെയ്ത പരിപാടി കോവിഡ് കാലത്ത് ഓൺ ലൈനിൽ നടത്തി. ഓഫ് ലൈനിൽ മാത്രമായി 50 മാസം ഇന്നലെ പൂർത്തിയായി.

പാട്ടു പഠിച്ചവരും അല്ലാത്തവരുമായ ഏതു പ്രായക്കാർക്കും വേദിയിൽ പാടാം എന്നതാണ് എല്ലാരും പാടുന്നു എന്ന പാട്ടു കൂട്ടായ്മയുടെ പ്രത്യേകത. മാസത്തിൽ ഒരു ദിവസമാണ് പാട്ടിനു വേദിയൊരുക്കുന്നത്. താരാട്ടുപാട്ട്, നാടൻപാട്ട്, കവിത, പലച്ചിത്രഗാനം, തുടങ്ങി ഏതു പാട്ടും ഈ വേദിയിൽ പാടാം. അങ്കണവാടിയിൽ പഠിക്കുന്ന ജാനകിയും ധ്രുവനും മുതൽ 84കാരനായ കെ.കെ പ്രഭാകരൻ ഉൾപ്പെടെയുള്ളവർ ഗായക സംഘത്തി ലുണ്ട്.

നാട്ടിലെ ഗൃഹനാഥന്മാരും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ ഇതിനകം ദേശീയ വായനശാലയുടെ വേദിയിൽ പാടിയെന്ന് പ്രസിഡന്റ് എസ്.രാജീവ്, സെക്രട്ടറി കെ. ഷിബു എന്നിവർ പറഞ്ഞു.

1951 ൽ സ്ഥാപിതമായ പനമറ്റം ദേശീയ വായനശാല 75-ാം ജൂബിലി ആഘോഷത്തിലാണ്. ഇതിന്റെ ഭാഗമായി ഒരു വർഷം 75 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതിൽ 25 പരിപാടികൾ പിന്നിട്ടു. ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുളള 2 പുരസ്കാരങ്ങൾ, സംസ്ഥാന ത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള നാലു പുരസ്കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. 2016 – 17 ൽ ലൈബ്രറി ലൈബ്രറി കൗൺസിൽ പ്ലസ് ഗ്രേഡ് ഏർപ്പെടുത്തിയതിനു ശേഷം തുടർച്ചയായി എട്ടാം വർഷവും എ പ്ലസ് ഗ്രേഡ് ലഭിച്ചു വരുന്നു. നിലവിൽ 25, 500 പുസ്തകങ്ങളും, 1600 അംഗങ്ങളുമുണ്ട്.

കരിയർ ഗൈഡൻസ് സെന്റർ അടക്കം നവീനമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ച് നാടിന്റെ പ്രകാശമുള്ള മുഖമായി വായനശാല മാറുക യാണ്.
പനമറ്റം ഗ്രാമത്തിലെ നാലു തലമുറകളിലായി നൂറിലേറെ പേർക്കു സർക്കാർ, അർധ സർക്കാർ, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ തൊഴിൽ നേടാൻ കഴിഞ്ഞതു വായന ശാലയിലെ കരിയർ ഗൈഡൻ സ് സെന്റർ മുഖേനയാണ്. മുൻ കാലത്ത് വായനശാലയിൽ ഒത്തുകൂടി ഒരുമിച്ചിരുന്നുള്ള പരീക്ഷാ പരിശീലന പഠനത്തിൽ തുടങ്ങിയ പഠന പരിപാടി പിന്നീട് ലൈബ്രറി കൗൺസിലിന്റെ കരിയർ ഗൈഡൻസ് സെന്ററായി മാറി. നിശാപഠനം ഉൾപ്പെടെ ഇപ്പോഴും സജീവമാണ്.വനിതാവേദി, യുവജന വേദി, ഗുരുജന വേദി, ബാല വേദി തുടങ്ങിയ കൂട്ടായ്മകളുമുണ്ട്

error: Content is protected !!