കൊക്കയാർ മാക്കൊച്ചിയിൽ ഭൂമിക്കടിയിൽനിന്നു മുഴക്കം കേട്ടതായി വ്യാജ പ്രചാരണം
മുണ്ടക്കയം: 2021ലെ ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചി മേഖലയിൽ ഭൂമിക്കടിയിൽനിന്നു മുഴക്കം കേട്ടതായി പ്രചാരണം. എന്നാൽ, ഇത് അടിസ്ഥാനരഹിതമെന്ന് വില്ലേജ് അധികാരികളും ജനപ്രതിനിധികളും.
ബുധനാഴ്‌ചയാണ് കനത്ത മഴയിൽ മേഖലയിൽ നിന്നു മുഴക്കം കേട്ടതായി സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരണം നടന്നത്. ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായി. പല കുടുംബങ്ങളും രാത്രിയിൽ ഉറങ്ങാതെ കഴിഞ്ഞുകൂടുന്ന സാഹചര്യവുമുണ്ടായി. സംഭവത്തിന്റെ നിജസ്ഥിതിയെപ്പറ്റി ജനപ്രതിനിധികളും പോലീസ് രഹസ്യാന്വേഷണ വിഭാഗവും മാധ്യമങ്ങളും അന്വേഷണം നടത്തിയെങ്കിലും നിജ സ്ഥിതി വ്യക്തമായില്ല.
മാക്കൊച്ചി പ്രദേശത്ത് ഭൂമിക്കടിയിൽനിന്നു മു ഴക്കം കേട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇത്തരം പ്രചരണം വ്യാജമാണെന്നും കൊക്കയാർ വില്ലേജ് ഓഫീസർ പറഞ്ഞു. അനാവശ്യമായി നടത്തുന്ന പ്രചാരണം നാടിനെ പേടിപ്പെടുത്തുകയാണെന്നും സംഭവത്തിൽ വാസ്‌തവമില്ലെന്നും അ ന്വേഷണത്തിൽ പ്രചാരണം തെറ്റാണെന്ന് മനസിലാക്കാനായതായും കൊക്കയാർ പഞ്ചായത്ത് മെംബർ സ്റ്റാൻലി സണ്ണി പറഞ്ഞു.
