വാഗമൺ റോഡിലേക്ക് പാറവീണു ; വൻ ദുരന്തം ഒഴിവായി
ഈരാറ്റുപേട്ട: തീക്കോയി-വാഗമൺ റോഡിൽ കല്ലം കവലക്കു സമീപം റോഡരികിലിരുന്ന പാറക്കല്ല് റോഡിലേക്കു പതിച്ചു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം. റോഡരികിലെ പുരയിടത്തിലിരുന്ന കല്ലാണ് ഇളകി റോഡിൽ വീണത്. ഇന്നലത്തെ കനത്ത മഴയിൽ മണ്ണിളകിയാണ് കല്ല് ഉരുണ്ട് വീണതെന്ന് പ്രാഥമിക നിഗമനം.
റോഡിൽ ആ സമയത്തു വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കല്ല് വീണ ഭാഗത്തെ ഓടയുടെ കോൺക്രീറ്റ് ഭിത്തി തകർന്നിട്ടുണ്ട്. ഗതാഗതത്തിന് തടസ്സമില്ല. ഉരുണ്ട് വീണ പാറ പിന്നീട് പൊട്ടിച്ചു മാറ്റി. ഇതിന് മുമ്പും പലതവണ കൂറ്റൻ പാറകൾ ഈ ഭാഗത്തെ റോഡിലേക്ക് വീണിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെങ്കിലും പ്രത്യേകിച്ച് നടപടിയെടുക്കാറില്ലെന്നാണ് നാട്ടു കാരുടെ പരാതി
