KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴ തോർന്നു, മാനം തെളിഞ്ഞു : ആശ്വാസത്തിൽ പമ്പാവാലി..

കണമല : തിമിർത്ത് പെയ്ത മഴയിപ്പോൾ കാണാനില്ല. ഇരുണ്ട മാനത്ത് വെയിൽ തെളിഞ്ഞു. മുങ്ങിയ പാലങ്ങളിൽ നിന്ന് വെള്ളമിറങ്ങിതുടങ്ങി. കഴിഞ്ഞ രണ്ട് പകലും രാത്രിയും ഇങ്ങനെയായിരുന്നില്ല. കിടന്നാൽ ഉറക്കമില്ലാത്ത ആധിയുടെ നേരിപ്പോടായിരുന്നു കഴിഞ്ഞപക്ഷെ അനാപൊട്ടും മണിക്കൂറുകൾ. എന്നാലിപ്പോൾ എല്ലാം ശാന്തമാണ്. പക്ഷെ, അത് എത്ര സമയമുണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും വീണു കിട്ടിയ ഭാഗ്യം പോലെ തെളിഞ്ഞ ആകാശവും കാറും കോളും മാറ്റിയ വെയിലും സന്തോഷം പകരുന്നു. എരുമേലിയുടെ കിഴക്കൻ മലയോര മേഖലയിൽ ഈ സന്തോഷമായിരുന്നു ഇന്നലെ.

രൗദ്ര ഭാവമണിഞ്ഞ പമ്പയാറും അഴുത നദിയും ഇപ്പോൾ ശാന്തമായി ഒഴുകുകയാണ്. ഇരുകര കവിഞ്ഞ് ഒഴുകിയ ഈ നദികളിലെ പാലങ്ങൾ ഇന്നലെ രാവിലെ ആണ് പെരുവെള്ളപ്പാച്ചിലിൽ നിന്ന് മുക്തമായത്. പമ്പയിലെ അറയാഞ്ഞിലിമണ്ണ് പാലവും കുറുമ്പൻമുഴി പാലവും അഴുതയിലെ മൂക്കൻപെട്ടി പാലവും വെള്ളത്തിനടിയിലായിരുന്നു. ഏത് നിമിഷവും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയായിരുന്നു എരുമേലിയിൽ ഓരുങ്കൽകടവിലെയും പഴയിടത്തെയും പാലങ്ങൾ. 2018 ലെ പ്രളയം നൽകിയ പാഠം നാട് മറന്നിട്ടില്ല. ഒരിക്കലും വെള്ളം നിറയുമെന്ന് പ്രതീക്ഷയില്ലാതിരുന്ന എരുമേലി ടൗൺ വരെ അന്ന് വെള്ളത്തിലായി. അന്ന് ഉയരത്തിൽ വെള്ളം ഒഴുകിയ പാലങ്ങളിലെ ചെറുവെള്ളപ്പൊക്കങ്ങൾ നാടിന് ഭീതിദമായ ഓർമകൾ ആണ് പകരുന്നത്.

അറയാഞ്ഞിലിമണ്ണിലെ സ്ഥിതി ആണ് ഏറെ കഷ്ടം. എത്രയോ വെള്ളപ്പൊക്കം വന്നിട്ടും പുതിയ പാലം പണിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങൾ നാട്ടുകാർ അനുഭവിച്ച കഷ്‌ടപ്പാട് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഒരു അത്യാഹിതം ഉണ്ടായാൽ എങ്ങനെ ആശുപത്രിയിൽ പോകുമെന്ന് നാട്ടുകാർ ചോദിക്കുന്നു. വെള്ളപ്പൊക്കം മൂലം പാലത്തിന്റെ അക്കരെ കടക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന നാടിന്റെ സങ്കടം ഇനിയെങ്കിലും അധികൃതർ മനസ്സിലാക്കണം. പാലം മുങ്ങുന്നത് മൂലം വീടും സ്ഥലവും കിട്ടുന്ന തുകയ്ക്ക് വിറ്റു പടിയിറങ്ങേണ്ട ദുരവസ്ഥയിലാണ് അറയാഞ്ഞിലിമണ്ണുകാർ. ഇതേ ദുരിതം പേറുകയാണ് കുറുമ്പൻമുഴിയും. എല്ലാവർക്കും രാഷ്ട്രീയമുണ്ട്. പക്ഷെ ആ രാഷ്ട്രീയങ്ങളും ഉയരമുള്ള പാലം പണിതു നൽകുന്നതിന് കനിയുന്നില്ല എന്ന് നാട് വിലപിച്ചുകൊണ്ടിരിക്കുന്നു. പാലം നിർമാണ പദ്ധതികൾ പല തവണ പ്രഖ്യാപിച്ചതാണ് അറയാഞ്ഞിലിമണ്ണിലും കുറുമ്പൻമുഴിയിലും. ഒന്നും നടപ്പിലായിട്ടില്ല. ഇതേ നിലയിൽ മൂക്കൻപെട്ടിയിലും പുതിയ പാലം നിർമിക്കാൻ മണ്ണ് പരിശോധനയും പ്രഖ്യാപനവും നടന്നതാണ്. വർഷങ്ങൾ പിന്നിട്ടിട്ടും വികസനം ഇല്ലാത്ത കുഗ്രാമം എന്ന പേരുദോഷം പേറുകയാണ് ഈ പ്രദേശങ്ങൾ. ഇനിയെങ്കിലും സർക്കാർ വേഗതയോടെ നാടിന്റെ ദുരിതം മാറ്റിയില്ലെങ്കിൽ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടുമെന്നതിൽ സംശയം ഇല്ലന്ന് പറയുന്നു പമ്പാവാലി മേഖലയിൽ വർഷങ്ങളായി പത്ര വിതരണം നടത്തുന്ന മൂക്കൻപെട്ടി സ്വദേശി സാബു.

error: Content is protected !!