അയർലണ്ടിലും തരംഗമായി കാഞ്ഞിരപ്പള്ളിയുടെ കൊച്ചു വാനമ്പാടി നിയാ പത്യാല..
കാഞ്ഞിരപ്പള്ളിയുടെ കൊച്ചു വാനമ്പാടി നിയാ പത്യാല ഇപ്പോൾ അയർലണ്ടിൽ മിന്നിക്കുന്നു.. ജാസി ഗിഫ്റ്റിനൊപ്പം സ്റ്റാർ നൈറ്റ് ഷോയിൽ നടത്തിയ മിന്നും പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി
കാഞ്ഞിരപ്പള്ളിയുടെ സ്വകാര്യ അഭിമാനമായ, കൊച്ചു വാനമ്പാടി നിയാ പത്യാല, ഏതാനും വർഷങ്ങൾക്ക് മുൻപ് , മാതാപിതാക്കൾക്കൊപ്പം അയർലണ്ടിലേക്ക് താമസം മാറ്റിയിരുന്നു. നിയയുടെ അമ്മ ഷിജിൻ ബിനുവും, പിതാവ് ബിനു പത്യാലയും അയർലണ്ടിലെ കോർക്കിൽ ജോലി ചെയ്യുന്നു. സഹോദരൻ നിവിൻ സ്‌കൂളിൽ പഠിക്കുന്നു . അവിടെ കോളേജ് വിദ്യാർത്ഥിനിയായ നിയാ പത്യാല, തിരക്കിട്ട പഠനത്തോടൊപ്പം കലാപ്രവർത്തങ്ങൾക്കും സമയം കണ്ടെത്തുന്നു. തന്റെ പുത്തൻ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കവയ്ക്കുന്നതിനാൽ, നിരവധി കാഞ്ഞിരപ്പള്ളിക്കാർ നിയയുമായി തങ്ങളുടെ സുഹൃത്ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് .
ജൂൺ 21 ന് അയർലണ്ടിൽ ഡബ്ലിനിൽ കേരള ഹൗസ് അണിയിച്ചൊരുക്കിയ മെഗാ കാർണിവലിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ, കേരളത്തിൽ നിന്നും എത്തിയ പ്രമുഖ ഗായകൻ ജാസി ഗിഫ്റ്റിനും പ്രമുഖ പിന്നണി ഗായിക സയനോരയ്ക്കുമൊപ്പം നിയ പത്യാലയും മനോഹര ഗാനങ്ങൾ ആലപിച്ചിരുന്നു . പതിവുപോലെ കാണികളെ കൈയിലെടുത്ത പ്രകടനം ആയിരുന്നു നിയ അവിടെയും നടത്തിയത് . ഏറെ അഭിമാനത്തോടെ, കാഞ്ഞിരപ്പള്ളിക്കാർ ഉൾപ്പെടെ നിരവധിപേർ നിയയെ അഭിനന്ദങ്ങൾ കൊണ്ട് മൂടി.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് കാഞ്ഞിരപ്പള്ളിയിലെ കലാ സാംസ്‌കാരിക വേദികളിൽ നിറ സാന്നിധ്യമായിരുന്ന പ്രശസ്ത ഗായകൻ സാബു ജോസഫ് വാലുമണ്ണേലും കുടുബവും അയർലണ്ടിൽ സ്ഥിരതാമസമാണ് . കെ ജി മാർക്കോസിനൊപ്പം നിരവധി സംഗീത ആൽബങ്ങളിൽ പാടിയിട്ടുള്ള സാബു , ഗാനഗന്ധർവ്വൻ യേശുദാസിന്റെ പ്രത്യേക അഭിനന്ദനങ്ങൾക്ക് പാത്രമായിട്ടുണ്ട്. അയർലണ്ടിൽ സംഗീത കൂട്ടായ്മകളിലെ നിറ സാന്നിധ്യമായ സാബുവും, അയർലണ്ടിലെ പുതിയ താരോദയമായ നിയ പത്യാലയും ചേർന്നുള്ള സംഗീത വിസ്മയം ഉടൻ ഉണ്ടാകുമെന്നത് കാഞ്ഞിരപ്പള്ളിക്കാർക്ക് അഭിമാനിക്കാവുന്ന കാര്യമാണ് .
നാട്ടിൽ നിന്നും അയർലണ്ടിലേക്ക് പോകുന്നതിനു മുൻപ് “കല്യാണം” എന്ന സിനിമയിൽ നിയ പത്യാല ആലപിച്ച ഗാനം കേരളത്തിൽ വൈറൽ ആയിരുന്നു. അതിനെ തുടർന്ന് സിനിമ പിന്നണി ഗാനരംഗത്ത് നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും, അയർലണ്ടിലേക്ക് പറിച്ചുമാറ്റപ്പെട്ടതോടെ , സിനിമ രംഗത്തിന് താത്കാലിക വിരാമമായിരുന്നു. എങ്കിലും തന്റെ പ്രതിഭയെ കെടുത്തിക്കളയാതെ, കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ പ്രദേശത്തെ കലാസാംസ്കാരിക രംഗങ്ങളിൽ നിയ നിറസാന്നിധ്യമായി മാറി . പിതാവ് ബിനുവിന്റെയും , അമ്മ ഷിജിന്റെയും പൂർണ സഹകരണം ഉള്ളതിനാൽ ആ കൊച്ചു വാനമ്പാടി, സ്വന്തം തിരക്കുകൾക്കിടയിലും സംഗീത ലോകത്ത് ഒരു വിസ്മയമായി തുടരുമെന്ന് ഉറപ്പാണ്. കാഞ്ഞിരപ്പള്ളിയെയും, കാഞ്ഞിരപ്പള്ളിക്കാരുടെ സ്നേഹവാത്സല്യങ്ങളും ഏറെ മിസ് ചെയ്യുന്നുവെന്ന് നിയ പറയുന്നു . അടുത്ത അവധിക്ക് നാട്ടിൽ എത്തുവാനാണ് നിയയും കുടുബവും പ്ലാൻ ചെയ്യുന്നത് .
അയർലണ്ടിൽ അങ്ങോളമിങ്ങോളമുള്ള ഏഴായിരത്തിൽ പരം മലയാളികൾ കേരള ഹൗസ് അണിയിച്ചൊരുക്കിയ മെഗാ കാർണിവൽ ഷോ കണ്ട് ആസ്വദിക്കുവാൻ എത്തിയിരുന്നു . മലയാള സിനിമയിലെ പുത്തൻ സൂപ്പർ സ്റ്റാർ മമിതാ ബൈജു ആയിരുന്നു മുഖ്യ അതിഥി . രഞ്ജിനി ഹരിദാസ് അവതാരകയായ പരിപാടിയിൽ, സിജു വിത്സൺ ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളും , കലാകാരന്മാരും പങ്കെടുത്തു . 2008 -ൽ അയർലണ്ടിലെ ഡബ്ലിനിൽ തുടക്കം കുറിച്ച കേരള ഹൗസിന് , അയർലണ്ടിലെ മലയാളി കൂട്ടയ്മകളിൽ ഏറ്റവും പ്രമുഖമായ സ്ഥാനമാണ് ഉള്ളത് . കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി കേരള ഹൗസ് നടത്തിവരുന്ന മെഗാ കാർണിവലുകൾ, അയർലണ്ടിലെ മലയാളികൾ സാംസ്‌കാരിക ഉത്സവങ്ങളായി ആഘോഷിക്കുന്നു.. കേരളത്തിന്റെ പ്രധാന ആഘോഷങ്ങൾ എല്ലാം തന്നെ, അതിന്റെ തനിമയോടെ അയർലണ്ടിലും ആഘോഷിക്കുന്നതിൽ കേരള ഹൗസ് പ്രതിജ്ഞാബദ്ധരാണെന്ന് അതിന്റെ സംഘാടകർ പറയുന്നു ..
