KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭവനരഹിതർക്ക് വീട് വച്ചു നൽകുന്ന “ഗൃഹപ്രവേശം” പദ്ധതിക്ക് ഒരുകോടി രൂപ സംഭാവന നൽകിയ കെ. കെ. എബ്രാഹം കടമപ്പുഴയെ ആദരിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള വീ കെയർ സെന്ററിന്റെ നേതൃത്വത്തിൽ ഭവനരഹിതർക്ക് വീട് വച്ചു നൽകുന്നതിന് ഗൃഹപ്രവേശം എന്ന പേരിൽ ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയിലൂടെ 20 വീടുകൾ നിർമ്മിച്ച് പൂർത്തിയാക്കി കൈമാറ്റം നടത്തി. കഴിഞ്ഞ ദിവസം അഞ്ചിലിപ്പയിലാണ് ഇരുപതാമത്തെ വീട് നിർമ്മിച്ച് അർഹതപ്പെട്ടവർക്ക് കൈമാറിയത് .

ഗൃഹപ്രവേശം പദ്ധതിയുടെ വിജയത്തിനായി ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് കാഞ്ഞിരപ്പള്ളി സ്വദേശിയും ഇപ്പോൾ കോട്ടയത്ത് സ്ഥിരതാമസം ആക്കിയിരിക്കുന്ന കെ. കെ. എബ്രാഹം (അവിരാച്ചൻ) കടമപ്പുഴയാണ്. 100 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത് . സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും റിട്ടയർചെയ്ത അദ്ദേഹം വിവിധ ജനോപകാരപ്രദമായ പദ്ധതികളിൽ ഉൾച്ചേർന്ന് പ്രവർത്തിക്കുന്ന ആൾ കൂടിയാണ്. അദ്ദേഹത്തിന്റെ മകൾ സിസിലി പ്രശസ്ത ഗായികയാണ് . സിസിലി ആലപിച്ച ” അക്കരയമ്മ” ഗാനങ്ങൾ വളരെ പ്രസിദ്ധമാണ് .

പബ്ളിസിറ്റിയോ ആരവങ്ങളോ ഇല്ലാതെ, രഹസ്യമായി വലിയ ദാനധർമ്മങ്ങൾ നടത്താറുള്ള അവിരാച്ചൻ കടമപ്പുഴയെ കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ പൊന്നാട ഇട്ട് ആദരിക്കുകയും പ്രത്യേക പുരസ്‌കാരം നൽകി അഭിനന്ദിക്കുകയും ചെയ്തു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ സമ്പത്തിൽ നിന്നും ഒരു കോടി രൂപ മുടക്കി അർഹതപ്പെട്ടവരെ സഹായിക്കുമ്പോൾ അത് സമൂഹത്തിന് ഒരു നല്ല മാതൃകയാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു .

2005 -ൽ ഫാ. റോയി മാത്യു വടക്കേലിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ തുടക്കം കുറിച്ച് പ്രവർത്തിക്കുന്ന വീ കെയർ സെന്റർ ഭവനരഹിതർക്കായി 750-ൽ അധികം വീടുകൾ ഇതിനോടകം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾ, മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസം , സംരക്ഷണം , ഉന്നമനം നിർധനരായ ഭവനരഹിതർക്ക് സംരക്ഷണം എന്നിവയും വീ കെയർ സെന്റർ ലക്ഷ്യമിടുന്നു . കൂടാതെ പാലിയേറ്റീവ് കെയർ കാഞ്ഞിരപ്പള്ളിയിൽ ആദ്യമായി ആരംഭിച്ചത് വീ കെയർ ആണ് .

error: Content is protected !!