KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹൈറേഞ്ച് മേഖലയിൽ മരിയൻ തീർത്ഥാടനം നടത്തി

കാഞ്ഞിരപ്പള്ളി രൂപതയിൽ വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായുള്ള മരിയൻ തീർത്ഥാടനം സെപ്റ്റംബർ ആറാം തീയതി ഉപ്പുതറയിൽ വച്ച് നടന്നു. ഹൈറേഞ്ച് മേഖലയിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ഈ തീർത്ഥാടനം രാവിലെ 9: 30ന് യൂദാ തദേവൂസ് കപ്പേളയിൽ നിന്നും ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ചു.

തുടർന്ന് ജപമാല പ്രാർത്ഥനയോടുകൂടി മരിയൻറാലി ഉപ്പുതറ സെന്റ് മേരീസ് പള്ളിയിലേക്ക് നീങ്ങുകയും തീർത്ഥാടകർ ഉപ്പുതറ പള്ളിയിൽ എത്തിച്ചേർന്നപ്പോൾ ഫാ. ജോസഫ് വെള്ളമറ്റത്തിൽ അച്ചൻ പരിശുദ്ധ കുർബാനയർപ്പിച്ച് മരിയൻ സന്ദേശം നൽകി. പ്രേഷിത പ്രവർത്തനം ഈശോയിലേക്ക് നയിക്കുന്നതാകണം. പരിശുദ്ധ അമ്മ ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവരേയും ഈശോയിലേക്ക് ആനയിച്ചു. എല്ലാ കാര്യങ്ങളിലും ദൈവഹിതം ദർശിച്ച പരിശുദ്ധ അമ്മയുടെ മാതൃക അനുകരണാർഹമാണ് എന്നും ഫാ. ജോസഫ് വെള്ളമറ്റത്തിൽ സന്ദേശത്തിൽ അനുസ്മരിച്ചു.

തീർത്ഥാടനത്തിന് രൂപത വിശ്വാസജീവിതപരിശീലന കേന്ദ്ര ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, മിഷൻ ലീഗ് അസി. ഡയറക്ടർ ഫാ. ബോബി വേലിയ്ക്കകത്ത്‌, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!