KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി കപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ

കപ്പാട് : കാഞ്ഞിരപ്പള്ളി സബ് ജില്ലയിലെ മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്‌കൂളുകളിൽ ഒന്നായ കപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ വ്യത്യസ്ത കാഴ്ചപ്പാടുകളുമായി മുന്നോട്ടു കുതിക്കുകയാണ്. 110 ലേറെ വർഷങ്ങൾക്ക് മുമ്പ് കുടിപ്പള്ളിക്കുടം പോലെ സ്ഥാപിതമായ ഈ സ്‌കൂൾ ഇന്ന് നാടിന്റെ തിലകക്കുറിയായി മാറിയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഹരിത വിദ്യാലയ പുരസ്കാരം, തുടർച്ചയായി SSLC 100% വിജയം, സ്റ്റേറ്റ് തലത്തിൽ ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിജയം, ശാസ്ത്രമേളകളിൽ വിജയം എന്നിങ്ങനെ പല മേഖലകളിലും ഇവിടുത്തെ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ പുതിയൊരു തുടക്കവുമായി പിടിഎ, എം പി ടി എ,അധ്യാപകർ, കുട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ കൈവരിക്കുന്നതിനായി ഒരു തയ്യൽ ക്ലാസ് ആരംഭിച്ചിരിക്കുകയാണ്. ഇതിനായി സ്കൂളിന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സഹായത്താൽ സ്കൂൾ വികസന സമിതി അംഗം ജോയ് നെല്ലിയാനി ഇടപെട്ട് സ്കൂളിന് 10 തയ്യൽ മെഷീൻ ലഭിച്ചിരിക്കുകയാണ്. ബാംഗ്ലൂരിൽ സെന്റ് ജോസഫ്‌സ് ചർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് .

എം പി ടി എ യുടെ സഹായത്താൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും തയ്യൽ പഠിക്കുന്നതിന്, സ്കൂളിൽ ഈ പുതിയൊരു സംരംഭം തുടക്കം കുറിക്കുന്നത് കൊണ്ട്, സാധിക്കുന്നതാണ്. കാഞ്ഞിരപ്പള്ളി എംഎൽഎ യും ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ്‌ സാബു എൻ ജെ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജമോൾ, ജോയ് നെല്ലിയാനി, മിനിമോൾ എന്നിവർ സംസാരിച്ചു.

പുതുക്കിയ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതിന് ഈ സംരംഭം ഏറെ സഹായകരമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനം കൊണ്ട് കുട്ടികൾ സ്കൂളിൽ നിന്ന് പഠിച്ചു പുറത്തിറങ്ങുമ്പോൾ ഒരു സ്വയംതൊഴിൽ കൈവശമാക്കുവാനും സാധിക്കും. ഇത്തരം നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ കപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ, മറ്റ് സ്‌കൂളുകൾക്ക് മാതൃകയാവുകയാണ് .

error: Content is protected !!