വയോജന സേവനത്തിനായി എലിക്കുളത്ത് ടൈം ബാങ്ക്.
എലിക്കുളം: കേരളത്തിൽ ആദ്യമായി വയോജനങ്ങൾക്ക് സേവനം നൽകുന്ന ടൈം ബാങ്ക് പദ്ധതി എലിക്കുളം പഞ്ചായത്തിൽ. വയോജനസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ മികവ് പരിഗണിച്ചാണ് സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ടായി എലിക്കുളത്ത് നടത്തുന്നത്. കെ-ഡിസ്‌കിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.
എലിക്കുളത്തെ എല്ലാ വാർഡുകളിലെയും വയോജനങ്ങളെ ഉൾപ്പെടുത്തി നിറവ് 60 പ്ലസ് എന്ന കൂട്ടായ്മയുണ്ട്. അവരുടെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നത് പുതിയ നേട്ടത്തിന് തുണയായി.
വയോജനങ്ങൾക്ക് സന്നദ്ധപ്രവർത്തകർ നൽകുന്ന സേവനങ്ങളുടെ സമയമൂല്യം രേഖപ്പെടുത്തി പകരം ഗിഫ്റ്റ് വൗച്ചർനൽകുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. വിദേശരാജ്യങ്ങളിൽ സേവനത്തിന് പകരം സേവനം എന്ന രീതിയിലാണ് ടൈംബാങ്കിങ് നടപ്പാക്കുന്നത്. എന്നാൽ ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ വിദേശമാതൃക അപ്രായോഗികമായതിനാലാണ് പുതിയ രീതി പരീക്ഷിക്കുന്നത്.
ഏഴായിരത്തിലേറെ വയോജനങ്ങളാണ് എലിക്കുളത്തുള്ളത്. ഇവരിൽ ആർക്കൊക്കെ വിവിധ ആവശ്യങ്ങൾക്ക് പരസഹായം വേണ്ടിവരുമെന്നതിന് സർവേ തുടങ്ങി. ആശാപ്രവർത്തകരാണ് വിവരശേഖരണം നടത്തുന്നത്. കെ-ഡിസ്‌കിന്റെ ആപ്പിലൂടെയാണിത്. സന്നദ്ധ പ്രവർത്തരെ തിരഞ്ഞെടുത്ത് അവരെയും ആപ്പിൽ ഉൾക്കൊള്ളിക്കും. വയോജനങ്ങൾക്ക് അവർ സേവനം നൽകുന്ന മണിക്കൂറുകൾ സഹായം ലഭിക്കുന്നവർ ആപ്പിൽ രേഖപ്പെടുത്തും. ഇതിന് മൂല്യം നിർണയിച്ച് വ്യാപാരസ്ഥാപനങ്ങളുടെ ഗിഫ്റ്റ് വൗച്ചർ പകരം നൽകും. അതിലൂടെ ഷോപ്പിങ്ങിന് ഉപയോഗിക്കാം. തിരികെയെടുത്ത മൂല്യം ടൈംബാങ്കിൽ കുറവുചെയ്യും.
സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കിക്കൊണ്ട് പരസ്പര പിന്തുണയുടെയും കമ്മ്യൂണിറ്റി ഇടപെടലിന്റെയും തത്വത്തിലാണ് സിസ്റ്റം പൂർണ്ണമായും പ്രവർത്തിക്കുന്നത്. മുതിർന്ന പൗരന്മാർക്കും സ്ഥാപനങ്ങൾക്കും പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാനും കഴിയും. രജിസ്റ്റർ ചെയ്ത വയോജനങ്ങൾക്ക് അവരുടെ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യാനും അടുത്തുള്ള പാലിയേറ്റീവ് കെയർ സെന്ററിനെ അറിയിക്കുന്ന ഒരു എമർജൻസി കോൾ ഫീച്ചർ പോലും ഉണ്ടായിരിക്കാനും കഴിയും.
വയോജനങ്ങളുടെ എണ്ണം ഗണ്യമായി കൂടുതലുള്ള കേരളത്തിൽ വയോജന പരിചരണത്തിൽ വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടുന്നതിന് സമൂഹത്തിനുള്ളിൽ കാരുണ്യത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും ഒരു സംസ്‌കാരം വളർത്തിയെടുക്കുക എന്നതാണ് കെ-ഡിസ്‌ക് ടൈം ബാങ്കിന്റെ പ്രാഥമിക ലക്ഷ്യം. സുസ്ഥിരവും സമൂഹാധിഷ്ഠിതവുമായ ഒരു പിന്തുണാ സംവിധാനത്തിലൂടെ സമഗ്ര പരിചരണം നൽകുക, സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക, വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
