കേരള കോൺഗ്രസ് (എം) ന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്: ജോസ് കെ.മാണി
പൊൻകുന്നം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 2020-ലേതിനെക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ കേരള കോൺഗ്രസ് (എം) ന് അർഹതയുണ്ടെന്ന് ജോസ് കെ.മാണി എംപി. കേരളകോൺഗ്രസ്(എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനക്ഷേമപദ്ധതികളേറെ നടപ്പാക്കിയ ഇടതുമുന്നണിക്ക് ഉജ്വലവിജയം നേടാനാവും. റബർ വില സ്ഥിരതാഫണ്ട് വർധിപ്പിച്ചു. 60 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ആയിരം രൂപ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതി നടപ്പിലാക്കിയെന്നും ജോസ് കെ.മാണി പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ഡോ.എൻ.ജയരാജ് എംഎൽഎ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജോർജ്കുട്ടി ആഗസ്തി, ഷാജി പാമ്പൂരി, അഡ്വ.സുമേഷ് ആൻഡ്രൂസ്, റെജി പോത്തൻ, എം.സി.ചാക്കോ, സുനിൽ കുന്നക്കാട്ട്, ചെറിയാൻ ജോസഫ്, ജെയിംസ് തടത്തിൽ, സണ്ണിക്കുട്ടി അഴകമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.
