27.70 കോടി രൂപ ചെലവഴിച്ച് കാഞ്ഞിരപ്പള്ളി കുന്നംഭാഗത്ത് സ്‌പോര്‍ട്‌സ് സ്‌കൂള്‍ : നിർമ്മാണോദ്‌ഘാടനം നടത്തി
കാഞ്ഞിരപ്പള്ളി : 27.7 കോടി ചെലവഴിച്ചുള്ള കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നിർമ്മാണോദ്‌ഘാടനം ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിർവഹിച്ചു . കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്. മഴ മാറി കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ പണി ആരംഭിക്കുകയും പിന്നീട് ഔപചാരിക ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണമാരംഭിച്ചത്.
ഡോ. എൻ. ജയരാജ് ഭദ്രദീപം കൊളുത്തി നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് സതീസുരേന്ദ്രൻ, അഡ്വ ഗിരീഷ് എസ് നായർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആന്റണി മാർട്ടിൻ ,അഡ്വക്കറ്റ് സുമേഷ ആൻഡ്രൂസ്, ബ്ലോക്ക് പഞ്ചായത്തംഗം വീ രവീന്ദ്രൻ നായർ, കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ആന്റണി ചെന്നക്കാട്ട് കുന്നേൽ, ബേബിച്ചൻ ഏർത്തയിൽ, സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് ബി ആർ സി ബി, പി സി അജാസ്, വി റഷീദ്, അച്ചിയമ്മ ടീച്ചർ, സൗദാബീവി, കെ ടി തോമസ് കരിപ്പാപറമ്പിൽ, അഡ്വ രമേശ് , അഡ്വ എം എ ഷാജി, കെ.ടി സുരേഷ്, കൊച്ചു റാണി കരിപ്പാപറമ്പിൽ, തോമസ് പോൾ, അഡ്വ അഭിലാഷ് ചന്ദ്രൻ, സാബു അമ്പാപുരംഎം , മധുസൂദനൻ നായർ താവൂക്കുന്നേൽ, റെജി കാവുങ്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
കേരളത്തിലെ അഞ്ചാമത്തെ സ്‌പോര്‍ട്‌സ് സ്‌കൂളായ ഇവിടെ റസിഡണ്‍ഷ്യല്‍ ഹോസ്റ്റല്‍ സൗകര്യമടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.
സ്‌പോര്‍ട്‌സ് സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിങ്ങ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തികള്‍ക്കായുള്ള സ്‌പെഷ്യല്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല.
ആ സ്ഥലത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂള്‍ കെട്ടിടത്തിന് പകരമായി എം എല്‍ എ ഫണ്ടില്‍ നിന്ന് 3 കോടി 70 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം പൂര്‍ത്തിയാക്കി. പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എല്‍പി സ്‌കൂളിന്റെ 1 മുതല്‍ 4 വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ 5 മുതല്‍ 10 വരെ ക്ലാസുകളും സ്‌പോര്‍ട്്‌സ് സ്‌കൂളിന്റെ 7 മുതല്‍ 10 വരെ ക്ലാസുകളും നടത്തുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും അതിലേക്ക് മാറ്റുകയും ചെയ്തു.
സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞ് അതിലേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം ലഭിക്കും. സ്‌പോര്‍ട്‌സ് സ്‌കൂള്‍ വരുന്ന മൈതാനത്തില്‍ സ്‌കൂളിന് പുറമേയുള്ള കുട്ടികള്‍ ക്രിക്കറ്റ് പരിശീലിച്ചിരുന്നത് മുടങ്ങുന്നത് കണക്കിലെടുത്ത് സ്വകാര്യ വ്യക്തി കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് ഗ്രൗണ്ടിനായി സൗജന്യമായി വിട്ടുകൊടുത്ത 2 ഏക്കര്‍ സ്ഥലം ക്രിക്കറ്റ് ടര്‍ഫ് ആക്കുന്നതിന് എം എല്‍ എ ഫണ്ട് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മണിമലയില്‍ 1 കോടിയുടെ ഫുട്‌ബോള്‍ ടര്‍ഫ് പൂര്‍ത്തിയാക്കി, നെടുങ്കുന്നം ഗവ.ഹൈസ്‌കൂള്‍, കറുകച്ചാല്‍ പഞ്ചായത്ത് മൈതാനം, ഇളംപള്ളി ഗവ.യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ 1 കോടിയുടെ ടര്‍ഫുകള്‍, വാഴൂര്‍ പുളിക്കല്‍ കവലയിലെ 3 കോടിയുടെ മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ പണി പൂര്‍ത്തിയായി വരുന്നു. ഇവ കൂടാതെ നെടുങ്കുന്നം, കൂവക്കാവ് ഗവ.ഹൈസ്കൂളുകളിലെ മൈതാനങ്ങള്‍ക്കായി 40 ലക്ഷം രൂപയും കൂവക്കാവിലെ പൊതു കളിസ്ഥലത്തിന് 1.27 കോടി രൂപയും അനുവദിക്കുന്നതിനുള്ള നടപടിയും നടക്കുന്നു.
സംസ്ഥാനത്ത് നിന്ന് ഭാവിയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പൂര്‍ണസജ്ജമാക്കാന്‍ ശ്രമം തുടരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.
