KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം അടുപ്പിച്ച് മൂന്നാം തവണയും സംവരണത്തിൽ ; പ്രതിഷേധവുമായി കോൺഗ്രസ് ..

കാഞ്ഞിരപ്പള്ളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ തുടർച്ചയായി രണ്ട് തവണ സംവരണമായിരുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനെ വീണ്ടും സ്ത്രീ സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. തീരുമാനം പുന:പരിശോധിക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം അറിയിച്ചു.

കെ.പി.സി.സി അംഗം തോമസ് കല്ലാടന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ. ഷെമീർ, പ്രൊഫ.റോണി. കെ. ബേബി,സുഷമ ശിവദാസ് ,ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.പി. ജീരാജ്,മനോജ് തോമസ്,യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനി മണ്ഡലം പ്രസിഡൻ്റുമാരായ ബിജു പത്യാല,ജോജി മാത്യു, എസ്.എം. സേതുരാജ്,സജിൻ സലിം ,ജോൺസൺ ഇടത്തിനകം, സാലു.പി. മാത്യു,അജിത അനിൽ,രാജേഷ് കൈടാച്ചിറ ഡി.സി.സി അംഗം അഭിലാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തുടർച്ചയായി രണ്ട് തവണ പ്രസിഡന്റ് സ്ഥാനം സംവരണമായിരുന്ന സ്ഥലങ്ങളിൽ ഇക്കുറി നറുക്കെടുപ്പില്ലാതെ തന്നെ ജനറൽ ആകുമെന്ന ഇലക്ഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് സംവരണം നിശ്ചയിച്ചത്. ഇത് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. പി.എ. ഷെമീർ,അഡ്വ. സുനിൽ തേനംമാക്കൽ എന്നിവർ കളക്ടർക്ക് പരാതി നൽകി. പരാതിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചു.

error: Content is protected !!