KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാഷ്ട്രീയം വേറെ..സൗഹൃദം വേറെ .. വോട്ടഭ്യർത്ഥനയുമായി വീട്ടിലെത്തിയ സുഹൃത്തായ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉഷ്മളതയോടെ സ്വീകരിച്ച് ബിജെപി സ്ഥാനാർഥി

ചിറക്കടവ് : ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി റ്റോമിന മാത്യു പനയ്ക്കൽ, വോട്ടഭ്യർത്ഥനയുമായി ഭവന സന്ദർശനം നടത്തുമ്പോൾ, സുഹൃത്തായ ബിജെപി സ്ഥാനാർത്ഥി സുബിത ബിനോയിയുടെ വീട്ടിലും സന്ദർശനം നടത്തി. രാഷ്ട്രീയപരമായി എതിർ ചേരിയിൽ നിന്ന് കടുത്ത മത്സരം നടത്തുകയാണെങ്കിലും, രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഇരുവരും സൗഹൃദം പങ്കുവച്ചു. അവരുടെ സ്വകാര്യ സംഭാഷണത്തിൽ രാഷ്ട്രീയം കടന്നതുവന്നതേയില്ല. സുബിതയുടെ വീട്ടിൽ വിശ്രമിച്ച്, ലഘുഭക്ഷണം കഴിച്ചിട്ടാണ് റ്റോമിന വോട്ടുതേടി അടുത്ത വീട്ടിലേക്ക് പോയത്. പോകുന്നതിന് മുൻപ് പരസപരം വിജയാശംസകൾ നേരുവാനും ഇരുവരും മറന്നില്ല .

ചിറക്കടവ് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കടുത്ത മൽസരം നടക്കുന്ന വാർഡുകളിലൊന്നാണ് ആറാം വാർഡ് കുന്നുംഭാഗം. വാർഡിൽ ശക്തമായ കുടുംബ വേരുകളും ബന്ധങ്ങളും ഉള്ള കേരള കോൺഗ്രസ് എമ്മിന്റെ റ്റോമിനയും ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ണിൽ സുബിത ബിനോയിയും വാർഡിൽ സുപരിചിതയായ യുഡിഎഫിലെ പ്രിൻസി ആന്റണിയും തമ്മിൽ ഒപ്പത്തിനൊപ്പം മൽസരിക്കുമ്പോൾ ഫലം പ്രവചനതീതമാണ്.

error: Content is protected !!