എരുമേലിയിൽ അയ്യപ്പഭക്തരുമായി വന്ന ഡ്രൈവറിൽ നിന്നും എംഡിഎംഎ പിടികൂടി.
എരുമേലി : വാഹനത്തിൽ ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തസംഘത്തെ എരുമേലിയിൽ പേട്ടതുള്ളൽ നടത്താൻ വിട്ട ശേഷം പോലിസ് കൺട്രോൾ റൂമിന് അടുത്ത് വാഹനം പാർക്ക് ചെയ്തിട്ട് ചുറ്റിതിരിഞ്ഞ ഡ്രൈവറെ സംശയം തോന്നി പോലിസ് ദേഹ പരിശോധന നടത്തിയപ്പോൾ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും. അയ്യപ്പ ഭക്തരെ മറ്റൊരു വാഹനം ഏർപ്പാടാക്കി ശബരിമലയിലേക്ക് വിട്ട പോലിസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തൃശൂർ താന്നിശേരി മിഥുൻ മനോജ് (29) ആണ് അറസ്റ്റിലായത്.
3.32 ഗ്രാം എംഡിഎംഎ യും ഒരു ഗ്രാം കഞ്ചാവും ആണ് കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് 12.20 ഓടെ ആണ് സംഭവം. മയക്കുമരുന്ന് ഇയാൾക്ക് ലഭിച്ചത് സംബന്ധിച്ച് പോലിസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ പിടികൂടാൻ കോട്ടയം ജില്ലാ പോലിസ് മേധാവി രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡ് ആണ് കേസ് അന്വേഷണം നടത്തുന്നത്. ഡാൻസാഫ് സ്‌ക്വാഡ് എസ് ഐ സുരേഷ് ജെയിംസ്, എരുമേലി എസ് ഐ ഗിരീഷ് കുമാർ, ഡാൻസാഫ് സ്‌ക്വാഡിലെ സിപിഒ മാരായ ഷമീർ, സാജൻ, ബിബിൻ ജോസ്, എരുമേലി സ്റ്റേഷനിലെ എഎസ്ഐ മാരായ രാജേഷ്, ബിജു, അജിത്, ജൂനിയർ എസ് ഐ അരുൺ, സിപിഒ ശ്രീരാജ് എന്നിവർ ഉൾപ്പെട്ട പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
