കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ശങ്ക തീർക്കുവാൻ സാധിക്കാതെ യാത്രക്കാർ ദുരിതത്തിൽ .. മാസങ്ങളായി സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടഞ്ഞുതന്നെ..
കാഞ്ഞിരപ്പള്ളി: മഴക്കാലത്ത് മലിനജലക്കുഴിയിൽ ഉറവവന്ന് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുവെന്ന കാരണത്താൽ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ. ശബരിമല മണ്ഡലകാലം ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും തീർഥാടകരടക്കമുള്ള യാത്രക്കാരുടെ തിരക്കു വർധിച്ചിട്ടും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാത്തത് യാത്രക്കാർക്കു ദുരിതമായി. പ്രത്യേകിച്ച് സ്ത്രീ യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മാർഗങ്ങളിലാത്ത സ്ഥിതിയാണ്. സമീപ ഹോട്ടലുകളെയും മറ്റുമാണ് ഇവർ ആശ്രയിക്കുന്നത്. സ്ത്രീകൾ സ്റ്റാൻഡിന് പരിസരത്തുള്ള വീടുകളിലെ ശുചിമുറികളെയാണ് ആശ്രയിക്കുന്നത്.പുരുഷന്മാർ അതാവശ്യഘട്ടങ്ങളിൽ കംഫർട്ട് സ്റ്റേഷൻ പരിസരമാണ് പ്രയോജനപ്പെടുത്തുന്നത്. ഇത് ദുർഗന്ധത്തിനും ഇടയാക്കുന്നു. ഒപ്പം മഴയെത്തിയാൽ ഈ ഭാഗത്തുനിന്ന് വെള്ളം ഒലിച്ച് ബസ്സ്റ്റാൻഡിലൂടെ ഒഴുകുന്നു.
തീർഥാടകരടക്കം ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഹോട്ടലുകളും വീടുകളും തേടി പോകാൻ സമയമില്ലാത്ത അവസ്ഥയാണ്. ടൗണിൽ പേട്ടക്കവലയിലും കുരിശുങ്കൽ ജംഗ്ഷനിലും ശുചിമുറികൾ ഉണ്ടെങ്കിലും ഇവിടെ യാത്രാ ബസുകൾ നിർത്തിയിടാറില്ല. യാത്രക്കാരെ കയറ്റിയിറക്കി പോവുകയാണ് ചെ യ്യുന്നത്. ദിവസേന നൂറു കണക്കിനു ബസുകളും ആയിരക്കണക്കിന് യാത്രക്കാരും കടന്നുപോകുന്ന സ്റ്റാൻഡിലാണ് ശുചിമുറി സൗകര്യമില്ലാത്തത്.
2010ൽ 25 വർഷത്തേക്ക് ബിഒ ടി അടിസ്ഥാനത്തിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനാണ് പ്രയോജനമില്ലാതെ കിടക്കുന്നത്. പര്യാപ്‌തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ടാങ്ക് നിറഞ്ഞ് മലിനജലം സ്റ്റാൻഡ ലൂടെ ഒഴുകുന്നതാണ് അടച്ചിടാൻ കാരണം. ഇതിനുപുറമേ മഴ ക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും. ഇത്തവണ മഴ നിലച്ചിട്ടും കംഫ ർട്ട് സ്റ്റേഷൻ തുറന്നിട്ടില്ല.
