KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ 70.75 ശതമാനം വോട്ടിംഗ് ; നാല് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കി; വോട്ടർമാർ വലഞ്ഞു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആകെ ഏഴ് പഞ്ചായത്തുകളിൽ 70.75% പോളിംഗ് രേഖപ്പെടുത്തി. പൊതുവേ വോട്ടിങ്ങ് സമാധാനപരമായിരുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ സെന്റ് മേരീസ്‌ എൽ.പി സ്കൂൾ ബൂത്തിലും,
ഭദ്രാമഠം ഗവ . എൽ. പി. സ്കൂൾ ബൂത്തിലും വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതിനെ തുടർന്ന് മെഷിനുകൾ പകരം മാറ്റിവെച്ചു പ്രശ്നം പരിഹരിച്ചു. പാക്കാനം ഗവൺമെൻറ് എൽ. പി സ്കൂളിലും വോട്ടിംഗ് മെഷീൻ പണിമുടക്കി. മുക്കാൽ മണിക്കൂർ വൈകി വോട്ടെടുപ്പ് ആരംഭിച്ചു . വൈകിട്ട് 6. 45 വരെ ഇവിടെ വോട്ട് ചെയ്യാൻ ആളുകൾക്ക് അവസരം നൽകി, മെഷീന്റെ തകരാർ മൂലം പുഞ്ചവയലിലെ പോളിംഗ് രാത്രി 7:30 വരെ നീണ്ടു. എരുമേലി ഗ്രാമപഞ്ചായത്തിലെ എയ്ഞ്ചൽ വാലി ബൂത്തിലും മെഷിനുകൾ പണിമുടക്കിയപ്പോൾ പകരം മെഷിനുകൾ മാറ്റിവെച്ച് വോട്ടിംഗ് തുടർന്നു.

വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയ നാല് സ്ഥലങ്ങളിലും വോട്ടർമാർ ഏറെനേരം കാത്തു നിൽക്കേണ്ടതായി വന്നു. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഗ്രേസി മെമ്മോറിയൽ സ്കൂൾ ബൂത്തിലും സ്വല്പം സമയം വോട്ടിംഗ് തടസ്സപ്പെട്ടുവെങ്കിലും യന്ത്ര തകരാർ പരിഹരിച്ച് പോളിംഗ് തുടർന്നു.

രാത്രി 7. 45 ഓടെ എല്ലാ ബൂത്തുകളിലെയും മെഷീനുകൾ സീൽ ചെയ്തു കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർസെക്കൻ്ററി സ്കൂൾ സ്ട്രോംഗ് റൂമിൽ എത്തിച്ചു. ഇനി 13 – ന് ശനിയാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർസെക്കൻ്ററി സ്കൂളിൽ വോട്ടെണ്ണൽ ആരംഭിക്കും വരെ വോട്ടിംഗ് മിഷനുകൾ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചു പ്രത്യേക കാവൽ ഏർപ്പെടുത്തി.

error: Content is protected !!