എരുമേലിയിൽ ശബരിമല തീർത്ഥാടകൻ വലിയ തോട്ടിൽ കുളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.
എരുമേലി : അയ്യപ്പ ഭക്തൻ എരുമേലിയിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി സമ്പുവെക്കുമാർ ശിവസ്വാമി (31) ആണ് മരിച്ചത്. എരുമേലി വലിയ തോട്ടിൽ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുളിക്കുമ്പോൾ ആണ് സംഭവം. കുളിച്ച ശേഷം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലിസ് അറിയിച്ചു.
സ്നാനം നടത്തി തോട്ടിൽ നിന്ന് കയറുന്നതിനിടെ തലചുറ്റൽ അനുഭവപ്പെട്ട് കുഴഞ്ഞു വീണ അയ്യപ്പ ഭക്തനെ താൽക്കാലിക ആശുപത്രിയിൽ എത്തിച്ചത് പോലിസ് എടുത്തു ചുമന്ന് തോളിലേറ്റി. ആശുപത്രിയിലേക്കുള്ള വഴിയിൽ വെച്ച് അയ്യപ്പഭക്തൻ മരണപ്പെടുകയായിരുന്നു. എരുമേലി താവളം ആശുപത്രിയിലുള്ള ആംബുലൻസിൽ തീർത്ഥാടകനെ എത്തിക്കാൻ പോലിസ് ബന്ധപ്പെട്ട് വിവരം അറിയിച്ചെങ്കിലും ആംബുലൻസ് ലഭ്യമായില്ല. ആംബുലൻസിന്റെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി പുറത്തു പോയതിനാൽ ആണ് ആംബുലൻസ് സേവനം ലഭിക്കാതിരുന്നത്. ഒരു ഡ്രൈവറെ മാത്രമാണ് ആംബുലൻസിലേക്ക് നിയോഗിച്ചിട്ടുള്ളതെന്ന് പറയുന്നു. രാത്രിയും പകലും ഉൾപ്പടെ 24 മണിക്കൂർ ഡ്യൂട്ടി ആണ് ഈ ഡ്രൈവർക്കുള്ളത്. വിശ്രമിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഡ്രൈവർ പോയാൽ ആംബുലൻസ് സേവനം തടസപ്പെടും. നിരവധി തീർത്ഥാടക വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് ആംബുലൻസ് പാർക്ക് ചെയ്യുന്നത്. മറ്റ് വാഹനങ്ങളുടെ ഇടയിൽ ആംബുലൻസ് ആയാൽ അടിയന്തിര ഘട്ടത്തിൽ ആംബുലൻസ് എടുക്കാൻ കഴിയുകയില്ല.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുന്ന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ഇങ്ങനെ അനാസ്ഥ നിറഞ്ഞ നിലയിൽ ആരോഗ്യ വകുപ്പിന്റെ സേവനം മാറുന്നത് പ്രതിഷേധകരമായിരിക്കുകയാണ്. സംഭവം സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിയ്ക്ക് പോലിസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മരണപ്പെട്ട തീർത്ഥാടകന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
