47-ാമത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2025-26 – കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ ഡിസംബർ 28 മുതൽ 31 വരെ
കാഞ്ഞിരപ്പള്ളി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച ത്രോബോൾ താരങ്ങളെ പങ്കെടുപ്പിച്ച് 47-ാമത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് (പുരുഷ-വനിത) 2025 ഡിസംബർ 28 മുതൽ 31 വരെ കാഞ്ഞിരപ്പള്ളി, സെന്റ് ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 സംസ്ഥാനങ്ങൾ ഈ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 800 കളിക്കാരും 100-ഓളം ഒഫീഷ്യൽസും പങ്കെടുക്കുന്ന ഈ മത്സരങ്ങൾ ലീഗ് കം നോക്കൗട്ട് രീതിയിൽ രണ്ട് കോർട്ടുകളിലായി നടക്കും.
കേരളം നാലാം തവണയാണ് നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. മുൻപ് 2011-ൽ കോട്ടയം സി. എം. എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പും, 2016, 2019-ൽ എം. ഇ. എസ്. കോളേജ് മാറംമ്പിള്ളിയിൽ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പുകളും കേരളം ആതിഥേയത്വം വഹിച്ചു വിജയകരമായി സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് മധ്യപ്രദേശിലെ ഭോപ്പാലിൽ വച്ചാണ് സംഘടിപ്പിച്ചത്.
ഡിസംബർ 28-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരള ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് ഷിജോ കെ. തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം. എൽ. എ., ഡോ. എൻ. ജയരാജ് എം. എൽ. എ., അഡ്വ. പി. വി. ശ്രീജിൻ എം. എൽ. എ., സെന്റ് ഡോമിനിക്സ് കോളേജ് മാനേജർ ഡോ. ഫാ, കുര്യൻ താമരശ്ശേരി, സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ, ഡോ. സീമോൻ തോമസ്, ഫെഡറേഷൻ, സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
ഈ ദേശീയ മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് കേരള ത്രോബോൾ അസോസിയേഷനും സംഘാടക സമിതിയും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വരുന്നു.
പരിപാടികൾ വിശദീകരിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ :
ഷാഹുൽ ഹമീദ് കെ. എം, എക്സിക്യൂട്ടീവ് കമ്മിറ്റി, ടി. എഫ് ഐ, അഡ്വ. മുഹമ്മദ് നിസാർ, ജനറൽ കൺവീനർ, ഓർഗനൈസിംഗ് കമ്മിറ്റി
പ്രവീൺ തരിയൻ, കായിക വിഭാഗം മേധാവി, സെൻ്റ് ഡൊമിനിക്സ് കോളേജ്, ജോജിമോൻ ദേവസ്യ, സെക്രട്ടറി, കോട്ടയം ജില്ലാ ത്രോബോൾ അസോസിയേഷൻ .
