എരുമേലി പഞ്ചായത്ത് വാർഡ് 9 കടക്കണമെങ്കിൽ ഇത്തിരി ഭാഗ്യം കൂടി വേണം .. ; വോട്ട് തുല്യമായി ഇത്തവണയും വാർഡ് ഒമ്പതിൽ, വിജയം പ്രഖ്യാപിച്ചത് ടോസിലൂടെ.
എരുമേലി : കഴിഞ്ഞ തവണയും ഇത്തവണയും എരുമേലിയിൽ വാർഡ് ഒമ്പത് ഭാഗ്യ നിർഭാഗ്യ നമ്പർ. കഴിഞ്ഞ തവണ വാർഡ് ഒമ്പത് ഇരുമ്പൂന്നിക്കരയായിരുന്നു. ഇത്തവണ വാർഡ് ഒമ്പത് മൂക്കൻപെട്ടിയാണ്. കഴിഞ്ഞ തവണ ഇരുമ്പൂന്നിക്കരയിലും ഇത്തവണ മൂക്കൻപെട്ടിയിലും നറുക്കിട്ടാണ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ട് കിട്ടിയതാണ് കാരണം.
ഇത്തവണ 23 ൽ നിന്നും 24 വാർഡുകളായി എരുമേലി പഞ്ചായത്ത് വാർഡുകൾ പുനർ നിർണയിച്ചപ്പോൾ വാർഡ് ഒമ്പത് ആയിരുന്ന ഇരുമ്പൂന്നിക്കര എട്ടാം വാർഡ് ആയി മാറുകയും വാർഡ് 13 ആയിരുന്ന മൂക്കൻപെട്ടി ഒമ്പത് ആയി മാറുകയുമായിരുന്നു. ഇരുമ്പൂന്നിക്കര 9 ആയിരുന്ന കഴിഞ്ഞ തവണ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളായ പ്രകാശ് പള്ളിക്കൂടം, ടി കെ പ്രകാശ് എന്നിവർ തുല്യ വോട്ട് നേടുകയും നറുക്കെടുപ്പിൽ വിജയം പ്രകാശ് പള്ളിക്കൂടത്തിന് ലഭിക്കുകയുമായിരുന്നു. ഇത്തവണ വാർഡ് ഒമ്പത് ആയ മൂക്കൻപെട്ടിയിൽ ഇതേ സ്ഥിതി ആവർത്തിച്ചു. എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളായ ദീപ ശങ്കർ, സുരണ്യ എന്നിവർ തുല്യ വോട്ട് നേടുകയും നറുക്കെടുപ്പിൽ സുരണ്യയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.ഒമ്പത് എന്ന അക്കം എരുമേലിയിൽ വാർഡിന്റെ നമ്പറുകളിൽ രണ്ട് തവണ ആണ് വിജയത്തിന് ടോസ് ഇട്ട് ഭാഗ്യം നിശ്ചയിപ്പിച്ചത് കൗതുകം സൃഷ്ടിപ്പിച്ചിരിക്കുന്നത്.
പലപ്പോഴും അപൂർവമായിട്ടാണ് തെരഞ്ഞെടുപ്പുകളിൽ പ്രധാന സ്ഥാനാർത്ഥികൾ തുല്യ വോട്ട് നേടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന മാർഗ നിർദേശമാണ് വിജയിയെ കണ്ടെത്താൻ ടോസ് ഇടുക അല്ലെങ്കിൽ നറുക്ക് ഇടുക എന്ന സമ്പ്രദായം. എന്നാൽ ഇത് അപരിഷകൃത രീതി ആണെന്ന് എതിരഭിപ്രായമുണ്ട്. ഭാഗ്യം ആണ് ടോസ് ഇടുന്നതിൽ നിർണായകമാകുന്നത്. ടോസ് ആർക്ക് വീഴുന്നോ അയാൾ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നു. തുല്യ വോട്ട് കിട്ടിയാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് l വാദിക്കുന്നവരുണ്ട്. തുല്യ വോട്ട് കിട്ടിയവർക്ക് അഞ്ച് വർഷത്തിന്റെ പകുതി വീതം മെമ്പർ ആകാൻ അവസരം നൽകണമെന്നും ഇതിൽ ആദ്യ അവസരം ആർക്ക് നൽകണം എന്നതിന് ആണ് നറുക്ക് ഇടേണ്ടത് എന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
അടുത്ത തവണയും ഒരു പക്ഷെ ഇങ്ങനെ ഏതെങ്കിലും വാർഡിൽ നറുക്കിടേണ്ട നിലയിൽ തുല്യ വോട്ട് സംഭവിച്ചേക്കാം. അത് ഒരു പക്ഷെ ഒമ്പത് എന്ന വാർഡിൽ ആണെങ്കിൽ അത് മറ്റൊരു അദ്‌ഭുതമാകാം എന്നതല്ലാതെ മറ്റ് വിശേഷണം അതിന് ചാർത്തുന്നത് യുക്തിയ്ക്ക് യോജിക്കുന്നതല്ലന്നാണ് മിക്കവരുടെയും അഭിപ്രായം. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് ഭംഗം വരാത്ത രീതി ഇക്കാര്യത്തിൽ കണ്ടെത്തി വിജയം തീരുമാനിക്കുന്ന നിലയിൽ പരിഷ്ക്കരിക്കപ്പെടണമെന്ന ആവശ്യമാണ് ഈ വിഷയത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്നത്.
