ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ടി.എൻ.ഗിരീഷ് കുമാർ പ്രസിഡന്റ്, മോളിക്കുട്ടി തോമസ് വൈസ് പ്രസിഡന്റ്
പൊൻകുന്നം: എൽ.ഡി.എഫ് തുടർച്ചയായി ഏഴാം വട്ടവും ഭരണം നേടിയ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ ടി.എൻ.ഗിരീഷ് കുമാർ പ്രസിഡന്റായും കേരളാ കോൺഗ്രസ് (എം) ലെ മോളിക്കുട്ടി തോമസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ചിറക്കടവിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്.
22 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് – 10, ബി.ജെ.പി.-8, കോൺഗ്രസ് – 3, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളും പ്രസിഡന്റ് , വൈസ് പ്രസിഡൻ്റ്ന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. സ്വതന്ത്രനായ ആന്റണി മാർട്ടിൻ എൽ.ഡി.എഫിനെ പിന്തുണച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി.എഫിലെ ടി..എൻ.ഗിരീഷ് കുമാറിന് 11 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയിൽ നിന്നും മത്സരിച്ച ഗോപി പാറാംതോടിന് 8 വോട്ടുകളും ലഭിച്ചു. സി.പി.എം വാഴൂർ ഏരിയാ കമ്മറ്റി അംഗമായ ടി.എൻ.ഗിരീഷ് കുമാർ ഇത്തവണ വിജയിച്ചത് പട്ടികജാതി സംവരണമായ പത്താം വാർഡിൽ നിന്നാണ്.
1995-2000 ലാണ് ടി.എൻ.ഗിരീഷ് കുമാർ ആദ്യമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗമാകുന്നത്. 2000-05ൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2015-2020ൽ വീണ്ടും ചിറക്കടവ് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിരീഷ് കുമാർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2020-25 കാലയളവിൽ പൊൻകുന്നം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തംഗമായ ഗിരീഷ് കുമാർ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.
ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) ലെ മോളിക്കുട്ടി തോമസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മോളിക്കുട്ടിക്ക് 11 വോട്ടുകളും ബി.ജെ.പിയിലെ ഉഷാ ശ്രീകുമാറിന് എട്ട് വോട്ടുകളും ലഭിച്ചു. കേരളാ കോൺഗ്രസ് (എം) വനിതാ വിഭാഗം നേതാവായ മോളിക്കുട്ടി തോമസ് ഇത് നാലാം തവണയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.
