എരുമേലി പഞ്ചായത്തിൽ പ്രസിഡന്റായില്ല : വൈസ് പ്രസിഡന്റായി സാറാമ്മ എബ്രഹാം
എരുമേലി : പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായ എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടെങ്കിലും പട്ടിക വർഗ പ്രതിനിധി ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ വിട്ടു നിന്നു. ഇതോടെ ക്വോറം ഇല്ലാത്തതിനെ തുടർന്ന് രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുടങ്ങി. അതേസമയം ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് അംഗം സാറാമ്മ എബ്രഹാം ആണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വരണാധികാരി കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസി. രജിസ്ത്രാർ ഷമീർ വി മുഹമ്മദിന്റെ അധ്യക്ഷതയിൽ ഭരണസമിതി യോഗം ചേർന്നത്. ആകെ 24 അംഗങ്ങൾ ഉള്ള ഭരണസമിതിയിൽ യുഡിഎഫി ന്റെ 14 അംഗങ്ങൾ പങ്കെടുത്തില്ല. എൽഡിഎഫി ന്റെ ഏഴ് അംഗങ്ങളും ബിജെപി യുടെ രണ്ട് അംഗങ്ങളും ഉൾപ്പടെ ഒമ്പത് അംഗങ്ങൾ ആണ് പങ്കെടുത്തത്. എൽഡിഎഫിലും ബിജെപിയിലും ഒരു പട്ടിക വർഗ അംഗം വീതമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിലെ അമ്പിളി സജീവൻ, ബിജെപിയിലെ കെ കെ രാജൻ എന്നിവരെയാണ് സ്ഥാനാർത്ഥികളായി ഇരു മുന്നണികളിലും തീരുമാനിച്ചിരുന്നത്. എന്നാൽ ക്വോറം തികയാൻ ആകെ അംഗങ്ങളുടെ പകുതിയായ 12 അംഗങ്ങൾ ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലന്ന് വ്യക്തമാക്കി വരണാധികാരി യോഗം അവസാനിച്ചതായി അറിയിക്കുകയായിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് 29 ന് രാവിലെ പത്തരയ്ക്ക് പഞ്ചായത്ത് ഹാളിൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയ്ക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചേർന്ന യോഗത്തിൽ ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗവും വിട്ടു നിന്നു. യുഡിഎഫിന്റെ 14 ഉം എൽഡിഎഫിന്റെ ഏഴും ഉൾപ്പടെ 21 അംഗങ്ങൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ സാറാമ്മ എബ്രഹാം, സിപിഎമ്മിലെ സുധാ വിജയൻ എന്നിവരാണ് സ്ഥാനാർത്ഥികളായി മത്സരിച്ചത്. വോട്ടെടുപ്പിൽ 14 വോട്ട് ലഭിച്ച സാറാമ്മ എബ്രഹാമിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതായി അറിയിച്ച് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുധാ വിജയന് ഏഴ് വോട്ട് ലഭിച്ചു.
കനകപ്പലം വാർഡ് അംഗമാണ് സാറാമ്മ എബ്രഹാം. ആദ്യമായാണ് പഞ്ചായത്ത് അംഗമാകുന്നത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ഭർത്താവ് ബാബുക്കുട്ടിയുടെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാറാമ്മ എബ്രഹാമിനെ ഭരണസമിതി യോഗം അഭിനന്ദിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി.
