മരണം രണ്ടായി .. ആൽബിന് പിന്നാലെ എബിനും യാത്രയായി ; ബൈക്ക് – ലോറി അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എരുമേലി : ഇക്കഴിഞ്ഞ 29 ന് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ച അപകടത്തിൽ, ഗുരുതര പരിക്കുകളോടെ ദിവസങ്ങളായി ചികിത്സയിലായിരുന്ന സഹയാത്രികനായിരുന്ന യുവാവും മരിച്ചു. എരുമേലി കാരിത്തോട് സ്വദേശി ചെരുവിൽ എബിൻ ഫിലിപ്പ് (23) ആണ് ഇന്ന് മരണപ്പെട്ടത് . കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എബിൻ ഇന്ന് രാത്രിയോടെ മരണപ്പെടുകയായിരുന്നു.
മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്. ഏക സഹോദരൻ ഫെബിൻ. കാരിത്തോട് ചെരുവിൽ ഫിലിപ്പ് ശമുവൽ, സാലി ദമ്പതികളുടെ മകനായ എബിൻ എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ 29 ന് സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി ആൽബിൻ അലക്സ് ജോർജ് (24) മായി എറണാകുളത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ പിറവം പാഴൂർ അമ്പലപ്പടിയിൽ വെച്ച് ഐഷർ ലോറിയുമായി ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരുക്കേറ്റ ആൽബിൻ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
