ഉദ്ഘാടനം കഴിഞ്ഞിട്ടും വായനശാലാ കെട്ടിടം തുറക്കാൻ നടപടിയില്ല ; അനുബന്ധ സൗകര്യങ്ങൾ പൂർത്തിയിട്ടില്ല.
കാഞ്ഞിരപ്പള്ളി : നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്തിയിട്ടും സഹൃദയ വായനശാലയുടെ പുതിയ കെട്ടിടം തുറന്ന് നൽകാൻ നടപടിയില്ല. വൈദ്യുതീകരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇനിയും ഏർപ്പെടുത്തണം.
2025 ഓഗസ്റ്റ് 21നാണ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. ഉടൻ തന്നെ തുറന്നുനൽകുമെന്നാണ് അറിയിച്ചിരുന്നത് എങ്കിലും നടപടികൾ ഉണ്ടായില്ല. പഞ്ചായത്ത് 2.57 കോടി മുടക്കി ഇരുനിലകളിലായാണു പുതിയ കെട്ടിടം നിർമിച്ചത്. ഒരു നിലയുടെ നിർമാണം കൂടി നടത്താനുള്ള രീതിയിലായിരുന്നു പദ്ധതി. താഴത്തെ നിലയിൽ ഷോപ്പിങ് കോംപ്ലക്സിനും മുകളിലത്തെ നിലയിൽ ലൈബ്രറിയും പ്രവർത്തിപ്പിക്കാനായിരുന്നു തീരുമാനം.
കരിപ്പാപ്പറമ്പിൽ കെ.ജെ.തോമസാണ് സഹ്യദയ വായനശാല 1936 സെപ്റ്റംബർ 28ന് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയുടെ സമീപമുള്ള സ്വന്തം കെട്ടിടത്തിൽ തുടങ്ങിയത്. 1937 ഡിസംബർ 17ന് തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവൻ ഗ്രന്ഥശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. 1971ൽ ആണ് വായനശാല പഞ്ചായത്തിന് കൈമാറിയത്.
കാഞ്ഞിരപ്പള്ളിയുടെ ചരിത്ര ഭാഗമായ ലൈബ്രറി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങളും വ്യാപകമാണ്. കെട്ടിടം നിർമിച്ചെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഇനിയും വേഗത്തിലാക്കാനുള്ള നടപടി ഒരുക്കേണ്ടതുണ്ടെന്നും അത് വേഗത്തിൽ ആകുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പുതിയ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
