KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാതിവഴിയിൽ നിന്നുപോയ കാഞ്ഞിരപ്പള്ളി മിനി ബൈപാസ് പദ്ധതി നിർമാണം പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ഒരുമിച്ചു കൈകോർക്കുന്നു ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മണം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ, ട്രാഫിക് ബ്ലോക്കുകളാൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ, മിനി ബൈപാസിൽ പ്രതീക്ഷ വയ്ക്കുന്നു. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി നിർമാണം ആരംഭിച്ച് , കഴിഞ്ഞ 13 വർഷങ്ങളായി പാതിവഴിയിൽ നിർമ്മാണം നിലച്ചു കിടക്കുന്ന മിനി ബൈപാസ് പദ്ധതിക്ക്, പഞ്ചായത്തിൽ പുതിയ ഭരണ സമിതി വന്നതോടെ പുതുജീവൻ വയ്ക്കുന്നു. മിനി ബൈപ്പാസ് പൂർത്തീകരിക്കുന്നതോടെ കാഞ്ഞിരപ്പള്ളിയിലെ അടിക്കടിയുള്ള ട്രാഫിക് ബ്ലോക്കുകൾക്ക്, ചെറിയ തോതിൽ ആശ്വാസം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത് .

മിനി ബൈപ്പാസിന്റെ .നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പദ്ധതി പ്രദേശം സന്ദർശിച്ച് തുടർപ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി. ജീരാജ്, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശീയ പാതയിൽ പേട്ട കവലയിൽനിന്ന് നിന്ന് ആരംഭിച്ച് ചിറ്റാർ പുഴയുടെ വശത്തുകൂടി കുരിശുങ്കൽ പാലത്തിന് സമീപം എത്തുന്നതായിരുന്നു നിർദിഷ്ട്ട മിനി ബൈപാസ് പദ്ധതി. 2011ൽ പദ്ധതി തയാറാക്കി 2012ൽ നിർമാണം ആരംഭിച്ചിരുന്നു. ഇതിനായി ചിറ്റാർ പുഴയുടെ ഒരു വശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്ത ശേഷം പ്രവർത്തനങ്ങൾ നിലച്ചു 1.10 കോടിയോളം രൂപ ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചു. തുടക്കത്തിൽ ലോക ബാങ്കിന്റെയും ധനകാര്യ കമ്മിഷൻയും ഫണ്ട് ഉപയോഗിച്ചാണ് പണികൾ ആരംഭിച്ചത്. ആറ് മീറ്റർ വീതിയിൽ 800 മീറ്ററോളം ദൂരമാണ് റോഡിനുള്ളത്… ബജറ്റിൽ രണ്ടുതവണ തുക വകയിരുത്തിയെങ്കിലും നിർമാണ പ്രവർത്തനം മാത്രം നടത്തിയില്ല.

തങ്ങൾ കൊണ്ടുവന്ന പദ്ധതിയായതിനാൽ യുഡിഎഫ് അധികാരമേറ്റതോടെ ഈ പദ്ധതി ആദ്യം പൂർത്തിയാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് മിനി ബൈ പാസ് നിർമാണം പൂർത്തിയാക്കാൻ പദ്ധതിയൊരുക്കുന്നത്. നിലവിൽ മിനി ബൈപ്പാസ് പൂർത്തിയാക്കുന്ന തിന് തടസ്സമില്ലെന്നും എത്രയുംവേഗം പണി പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.

error: Content is protected !!