സെന്റ് ഡൊമിനിക്സ് കോളജ് വജ്ര ജൂബിലി സമാപനം
കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്‌തു. കോളജ് രക്ഷാധികാരി യും രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എംഎൽഎ, ആന്റോ ആന്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിൻഡിക്കറ്റംഗം ജോജി അലക്സ്, കോളജ് മാനേജർ ഡോ.കുര്യൻ താമരശ്ശേരി, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, റിട്ട.സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ഡോ.സി.എ.തോമസ്, കോളജ് യൂണിയൻ ചെയർമാൻ സാബിർ അലി എന്നിവർ പ്രസംഗിച്ചു.
ജയ്‌പുരിൽ ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ 110 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ കോളജിലെ വിദ്യാർഥി സി.ബി. ഷിന്റോ മോൻ, മുട്ടാർ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി ജോസ് ബോബൻ, കേരള സ്പോർട്‌സ് കൗൺസിൽ പരിശീലകൻ ജൂലിയസ് കെ. മനയാനി, കായികാധ്യാപകൻ പ്രഫ. പ്രവീൺ തര്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
1965ൽ സ്‌ഥാപിതമായ കോളജിൽ ഒരു വർഷം മുൻപാണ് ജുബിലി ആഘോഷങ്ങൾ ആരംഭിച്ചത്. മുപ്പതിനായിരത്തോളം ആളുകൾ പങ്കെടുത്ത കലാ സാംസ്കാരിക പ്രദർശനം, അഖിലേന്ത്യാ കായിക മത്സരങ്ങൾ, രാജ്യാന്തര സെമിനാറുകൾ, ലഹരി വിരുദ്ധ പദ്ധതികൾ, പൂർവ വിദ്യാർഥി സംഗമം തുടങ്ങിയവയാണ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്.
