KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരിപ്പാപ്പറമ്പിൽ വീട്ടിൽ അയ്യപ്പസംഗമം ..പവിത്രം, അനശ്വരം ഈ അപൂർവ സുഹൃത് ബന്ധം ; 80 വർഷം മുൻപ് തുടങ്ങിയ സുഹൃത്ബന്ധം പിൻതലമുറകൾ ആചാരമായി തുടരുന്നു

എരുമേലി : തുടർച്ചയായി കഴിഞ്ഞ 80 വർഷങ്ങളായി, എല്ലാ ജനുവരി ആദ്യത്തെ ആഴ്ചയിലും, ഒരു ദിവസം എരുമേലി കരിങ്കല്ലുമ്മുഴിയിലെ പുരാതന ക്രൈസ്തവ തറവാടായ കരിപ്പാപറമ്പിൽ വീട്ടിൽ, ആതിഥേയർ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പസംഘമാണ്. അന്നൊരു ദിവസം വീട്ടുകാർ അതിഥികളാകും. അതിഥികൾ ആതിഥേയരാകും . ഇത്തവണയും പതിവ് തെറ്റിച്ചില്ല . തമിഴിനാട്ടിൽ നിന്നുള്ള അൻപത് അംഗ സംഘം അഞ്ചാം തീയതി രാവിലെ തന്നെ വീട്ടിലെത്തി . അവരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുവാൻ കരിപ്പാപറമ്പിൽ കുടുബത്തിലെ നിരവധിപേർ സന്നിഹിതരായിരുന്നു .

81 വർഷം മുൻപ് ഈ തറവാട്ടിലെ കെ.ടി. ജോസഫ് (അപ്പിക്കുഞ്ഞ്) തിരുച്ചിറപ്പള്ളിയിൽ കോളജിൽ പഠിക്കുന്നകാലത്താണ് ഈ അനശ്വര ബന്ധത്തിന് തുടക്കം കുറിച്ചത് . അന്ന് തിരുച്ചിറപ്പള്ളിയിലെ സുഹൃത്തുക്കൾ ശബരിമല യാത്രാമധ്യേ ജോസഫിന്റെ വീട്ടിലെത്തി ഒരുദിവസം താമസിച്ച് എരുമേലി പേട്ടതുള്ളലും ക്ഷേത്രദർശനവും നടത്തിയാണ് യാത്ര തുടർന്നത്. അതിന് ശേഷം എട്ട് പതിറ്റാണ്ടുകൾ പിന്നിട്ടതോടെ
അന്നത്ത സംഘത്തിലുള്ള പലരും, ആതിഥേയൻ കെ.ടി.ജോസഫും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതേസമയം രണ്ട് കൂട്ടരുടെയും പിൻതലമുറകൾ ആ സന്ദർശനം ആചാരമായി ഇപ്പോഴും തുടരുന്നു.

39 വർഷം മുമ്പ് കെ ടി ജോസഫ് മരിച്ചതിന് ശേഷവും ആ പതിവ് മുടങ്ങിയില്ല. മകൻ കെ ടി തോമസ് അത് ഏറ്റെടുത്തു. ഇതിനിടെ കെ ടി ജോസഫിന്റെ സുഹൃത്തുക്കളായ അയ്യപ്പസംഘത്തിലെ പലരും മരണപ്പെട്ടു. പക്ഷെ അവരുടെ മക്കൾ ആ ഓർമ പുതുക്കി ഓരോ ജനുവരി മാസവും ശബരിമല ദർശനത്തിന് പോകുന്ന വഴി എരുമേലി കരിപ്പാപറമ്പിൽ വീട്ടിൽ എത്തും. 19 വർഷം മുമ്പ് കെ ടി തോമസും മരണപ്പെട്ടു. അതിന് ശേഷം ഭാര്യ എൽസിയും മകൻ ജോ ഫിലിപ്പും മകൾ റോസും, തോമസിന്റെ സഹോദരി റോസമ്മയും, ഭർത്താവ് ഡോ. പി എം ചാക്കോയും ചേർന്നാണ് അയ്യപ്പഭക്ത സംഘത്തെ സ്വീകരിക്കുന്നത്. വിദേശത്ത് ജോലിയിലായിരുന്ന കെ ടി തോമസിന്റെ മകൾ റോസ് അവധി തരപ്പെടുത്തിയാണ് ഇത്തവണ അയ്യപ്പഭക്ത സംഘത്തെ സ്വീകരിക്കാൻ വീട്ടിൽ എത്തിയത്.

ചെന്നൈ ഐഐടിയിലെ പ്രൊഫസർ ഉൾപ്പടെ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ഉന്നത ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അടക്കമുള്ള അമ്പത് അംഗ അയ്യപ്പഭക്തരാണ് ഇത്തവണ എത്തിയത്. എല്ലാവരും മുൻ തലമുറയുടെ പതിവ് ഏറ്റെടുത്ത് ഓരോ വർഷവും ഒരുമിച്ചു ആണ് എത്തുന്നത്. ഇതിനായി മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ നടത്തും. എല്ലാവരും സ്വന്തം വാഹനങ്ങൾ ഒഴിവാക്കി ട്രെയിനിലും കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്ത് ഒന്നിച്ചാണ് എത്തിയത്.

കരിപ്പാപറമ്പിൽ വീട്ടിൽ അഞ്ചാം തീയതി രാവിലെ എത്തി വിശ്രമത്തിന് ശേഷം പേട്ടതുള്ളൽ നടത്തിയ സംഘം വൈകിട്ട് വീട്ടിൽ ഭജന നടത്തി രാത്രി തങ്ങി അടുത്ത ദിവസം രാവിലെ ശബരിമലയ്ക്ക് യാത്ര തുടർന്നു. അടുത്ത വർഷം ജനുവരി ആദ്യത്തെ ആഴ്ച വീണ്ടും കാണാം എന്ന ഉറപ്പിൽ ഇത്തവണത്തെ സ്നേഹസംഗമം പൂർത്തിയാക്കി സന്തോഷത്തോടെ അവർ വിടപറഞ്ഞു .

error: Content is protected !!