ചിറക്കടവിൽ എൽഡിഎഫ്-യുഡിഎഫ് സഖ്യമെന്ന് ബിജെപി.
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചതോടെ അവർ തമ്മിൽ സഖ്യമെന്ന് വെളിവായതായി ബിജെപി ആരോപിച്ചു. എല്ലാ യുഡിഎഫ് അംഗങ്ങളും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഒരു സ്വതന്ത്രൻ കൂടി അവർക്ക് വോട്ട് ചെയ്തതോടെ ചിറക്കടവിലെ കക്ഷിനില ഇടതുപക്ഷത്തിന് 14, ബിജെപിക്ക് എട്ട് എന്ന നിലയിലാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജി.ഹരിലാൽ ആരോപിച്ചു . 10 അംഗങ്ങളാണ് എൽഡിഎഫിനുണ്ടായിരുന്നത്.
ഒറ്റയ്ക്ക് മത്സരിച്ചാൽ ബിജെപി സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിജയിക്കും എന്നതാണ് ധാരണയ്ക്ക് കാരണം. എൽഡിഎഫ് സ്ഥാനാർഥികളെ യുഡിഎഫ് പിന്തുണച്ചത് അപലപനീയമാണെന്ന് ഹരിലാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പല വാർഡുകളിലും ഇടതു-വലതു മുന്നണികൾ തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ധാരണയെന്നും അദ്ദേഹം ആരോപിച്ചു.
