നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു
ചോറ്റി: ദേശീയപാതയിൽ ചോറ്റി നിർമലാരത്ത് നിയന്ത്രണംവിട്ട സ്കോർപിയോ വാൻ റോഡിന്റെ വശത്തെ മതിലിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോരുത്തോട് സ്വദേശിയായ യുവാവ് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലുള്ള നിർമലാരം ഭാഗം സ്ഥിരം അപകടമേഖലയാണ്. നിരപ്പായ റോഡിൽ അമിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.
