അങ്കമാലി-എരുമേലി ശബരിപാത : തീരുമാനം ഉടനെന്ന് റെയിൽവേ
എരുമേലി : സംസ്ഥാനത്ത് റെയിൽവേ പദ്ധതികളിലെ തടസ്സങ്ങൾ മാറുന്നു. ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ, അങ്കമാലി-എരുമേലി ശബരിപാത, ഗുരുവായൂർ തിരുനാവായ റെയിൽവേ ലൈൻ എന്നീ പദ്ധതികളിൽ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. ചില പദ്ധതികൾ സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. ബജറ്റിനുമുന്നോടിയായി വിവിധ നിർദേശങ്ങൾ ദക്ഷിണ റെയിൽവേ മന്ത്രാലയത്തിൽ സമർപ്പിച്ചുകഴിഞ്ഞു.
കാൽനൂറ്റാണ്ടായിട്ടും നടപ്പാകാത്ത അങ്കമാലി എരുമേലി ശബരിപാതയുടെ ഇപ്പോഴത്തെ തടസ്സം ചെലവ് പങ്കിടുന്നതിലാണ്. വിഴിഞ്ഞം തുറമുഖം വന്നതോടെ ശബരിപാത തിരുവനന്തപുരം വരെ ദീർഘിപ്പിക്കാനുള്ള സർവേയ്ക്ക് കെആർഡിസിഎൽ ശുപാർശ ചെയ്തിട്ടുണ്ട്. പദ്ധതിച്ചെലവ് പങ്കിടുന്നതിൽ രേഖാമൂലം ഉറപ്പുനൽകണമെന്ന റെയിൽവേയുടെ കത്തിന് ഇതുവരെ കേരളം പ്രതികരിച്ചിട്ടില്ല. പദ്ധതിക്കായി 100 കോടി രൂപ മൂന്നുവർഷമായി ബജറ്റിൽ മാറ്റിവെക്കുന്നുണ്ട്. സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കുന്നതിന് നടപടികൾ സംസ്ഥാന സർക്കാരും നടത്തുന്നു.
