KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാചക വാതക സിലിണ്ടറിന് തീ പിടിച്ചു ; വീടിന്റെ അടുക്കള കത്തി നശിച്ചു, വൻ ദുരന്തം ഒഴിവായി.

കാഞ്ഞിരപ്പള്ളി: കാലിയായ പാചക വാതക സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടിത്തെറിച്ച് വലിയ തീപിടുത്തം ഉണ്ടായി. വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. അടുക്കളയും ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങളും പൂർണ്ണമായും അഗ്നിക്കിരയായത്. ഏറെ നേരം ഗ്യാസ് സിലിണ്ടർ തീയുടെ ഉള്ളിൽ കിടന്ന് ചുട്ടു പൊള്ളിയെങ്കിലും, പൊട്ടിതെറിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി .

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാലിയായ സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. രോഗബാധയെ തുടർന്ന് പൂർണ്ണമായും കാഴ്ചശക്തി നഷ്ടമായ ആളാണ് ഷാഹുൽ ഹമീദ്. അപകട സമയത്ത് അടുക്കളയിൽ ഉണ്ടായിരുന്ന മാതാവ് റഷീദയും ഭാര്യ നജീമയും ചേർന്ന് വേഗത്തിൽ ഷാഹുൽ ഹമീദുമായി വീടിന് പുറത്ത് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി.
ഓടി കൂടിയ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിശമന സേനയെത്തി പൂർണമായും തീയണച്ചു.

error: Content is protected !!