1
ഗാനമേള കാണാൻ നിന്നവർക്കിടയിലേയ്ക്ക് യുവാവ് മദ്യലഹരിയിൽ വാഹനം ഓടിച്ചുകയറ്റി ; ഒരാൾ മരിച്ചു.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് വണ്ടൻപാറയിൽ യുവാവ് മദ്യലഹരിയിൽ, ഗാനമേള കാണാൻ കാത്തുനിന്നവർക്കിടയിലേയ്ക്ക് ഓടിച്ചുകയറ്റിയ പെട്ടി ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാറത്തോട് പൊടിമറ്റം സ്വദേശി അജേഷ് ആണ് മരണപ്പെട്ടത് . വെള്ളിയാഴ്ച രാത്രി വണ്ടൻപാറ എസ്.എൻ.ഡി.പി. ഗുരു മന്ദിരത്തിന് സമീപം ഗാനമേള കാണാൻ നിന്നവരാണ് അപകടത്തിൽ പെട്ടത്. ആനക്കല്ല് സ്വദേശിയായ ജ്യോതിഷ് എന്ന യുവാവാണ് അപകടം ഉണ്ടാക്കിയത്.
പൂർണ്ണമായും മദ്യലഹരിയിലായിരുന്ന ജ്യോതിഷ്, വണ്ടൻപാറ ഭാഗത്ത് അറവുമാടുകളെ കയറ്റിവന്ന ഒരു പെട്ടി ഓട്ടോയുമായി നടുറോഡിലൂടെ അതിവേഗം പാഞ്ഞടുക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ വഴിയിലുണ്ടായിരുന്ന യാത്രക്കാരെയും മറ്റു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചു
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ്, ബലമായി ജ്യോതിഷിനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിൽ ആകെ ഒൻപതു പേർക്ക് പരിക്കുണ്ട് . ഗുരുതരമായി പരിക്കേറ്റ അജേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത് .
