1
സഹോദരിക്ക് ഒപ്പം സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി യുവാവ് മരിച്ചു ; സഹോദരി ഗുരുതര പരുക്കകളോടെ ആശുപത്രിയിൽ.
കാഞ്ഞിരപ്പള്ളി : സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരുക്കേറ്റു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) ആണ് മരിച്ചത്. പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9നു പാലാ കടപ്പാട്ടൂർ ബൈപാസിലായിരുന്നു അപകടം നടന്നത്.
എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് ബസ്സിൽ എത്തിയ സഹോദരിയെ, പാലായിൽ നിന്നും ഒപ്പം കൂട്ടി ബൈക്കിൽ അടുത്തുള്ള ബന്ധുവീട്ടിലിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്.
എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി
ബന്ധുവിന്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിൽ 2 ന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്.
പരേതനായ ഹരിക്കുട്ടൻ, ശ്രീജ ദമ്പതികളുടെ മക്കളാണ് ഇരുവരും. കാഞ്ഞിരപ്പള്ളി പുൽപ്പൽ ടെക്സ്റ്റിൽസിലെ ജീവനക്കാരിയാണ് ശ്രീജ
