തിരെഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ കേസിൽ ആന്റോ ആന്റണി എംപിയ്ക്കെതിരെ ഇ ഡി അന്വേഷണം ; ശബരിമല സ്വർണ്ണ കൊള്ളകേസിലെ പ്രതി പോറ്റി സോണിയ ഗാന്ധിയെ കണ്ട സംഭവത്തിൽ എസ്‌ഐടിയും എംപിയെ ചോദ്യം ചെയ്‌തേക്കും.
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സസ്മെന്റ് ഡയറക്ട്‌ടറേറ്റിന്റെ അന്വേഷണത്തിൽ, പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജു നൽകിയത് തട്ടിപ്പു പണമാണെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 2019ൽ പലതവണയായി രണ്ടുകോടി രൂപ വായ്‌പ നൽകിയെന്നായിരുന്നു കഴിഞ്ഞ ദിവസം എൻ.എം രാജു ആരോപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ ആന്റണിക്ക് ഉടൻ നോട്ടീസ് നൽകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയ രണ്ടുകോടി രൂപ മടക്കി നൽകിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നൽകിയത്. രേഖയൊന്നുമില്ലാതെ വ്യക്‌തിബന്ധം വച്ച് പണം നൽകിയതാണെന്നും എൻ.എം.രാജു പറഞ്ഞിരുന്നു.
പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കു 95 ലക്ഷം രൂപ മാത്രമേ ചിലവാക്കാൻ പറ്റൂ എന്ന നിയന്ത്രണം ഉള്ളപ്പോഴാണ് രണ്ടു കോടി തെരഞ്ഞെടുപ്പിനായി വാങ്ങി എന്ന ആരോപണം എംപിയ്ക്ക് വിനയായേക്കും.
പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഴുവൻ പണവും രാജുവിന് തിരികെ നൽകി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുമ്പറമ്പിൽ ഫിനാൻസിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് സമീപമുള്ള ഓഫിസിലും സ്‌ഥാപന ഉടമ എൻ.എം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. ഇ.ഡി. അന്വേഷണം വന്നാൽ നേരിടുവാൻ തയ്യാറാണെന്ന് ആന്റോ ആന്റണി പ്രതികരിച്ചു .
അതേസമയം, ശബരിമല സ്വർണ്ണ കൊള്ളയിൽ അടൂർ പ്രകാശിന് പിന്നാലെ – ആന്റോ ആന്റണി എംപിയെയും എസ്‌ഐടി. ചോദ്യം ചെയ്യും. വരും ദിവസങ്ങളിൽ തന്നെ നോട്ടിസ് നൽകി വിളിപ്പിക്കാനാണ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം കേന്ദ്രീകരിച്ചാണ് ആന്റോ ആന്റണിയെയും ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽകുന്ന ചിത്രത്തിൽ ആന്റോ ആന്റണിയുമുണ്ട്. സോണിയ ഗാന്ധിയുടെ കയ്യിൽ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്. ഇതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് അന്റോയോട് എസ്ഐടി ചോദിച്ചറിയാൻ ശ്രമിക്കുന്നത്.
