പൂഞ്ഞാർ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് കോമ്പറ്റീഷൻ 16 ന് . വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനം.
കാഞ്ഞിരപ്പള്ളി : അഡ്വ,:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു മെഗാ ക്വിസ് കോമ്പറ്റീഷൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും. നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് രണ്ടു കുട്ടികൾ വീതം ഉള്ള ടീമുകൾക്കാണ് പങ്കെടുക്കാവുന്നത്.
പൊതു വിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള ഈ ക്വിസ് കോമ്പറ്റീഷനിൽ പ്രധാനമായും മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ ഗ്രന്ഥങ്ങളായ അഗ്നിച്ചിറകുകൾ, ജ്വലിക്കുന്ന മനസ്സുകൾ എന്നീ രണ്ടു പുസ്തകങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.കരിയർ ഹൈറ്റ്സ് മാനേജിംഗ് ഡയറക്ടർ ജോർജ് കരുണയ്ക്കൽ ക്വിസ് മാസ്റ്റർ ആകും എലിമിനേഷൻ റൗണ്ട്,ഫൈനൽ റൗണ്ട് എന്നിങ്ങനെ രണ്ട് റൗണ്ടുകൾ ആയിട്ടാണ് ക്വിസ് കോമ്പറ്റീഷൻ നടത്തുന്നത് മത്സര വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമന്റോയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് നൽകുക.
തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന മത്സരം 11 മണിക്ക് അവസാനിക്കും തുടർന്ന് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അരുവിത്തറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ:വി.പി.നാസർ മുഖ്യപ്രഭാഷണം നടത്തും .
