1
പൂഞ്ഞർ മണ്ഡലത്തിൽ എൽഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികൾക്ക് ധാരണയായി .. യുഡിഎഫിന് ആര് ?
കാഞ്ഞിരപ്പള്ളി : പൂഞ്ഞർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ , എൻഡിഎ സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പി.സി. ജോർജ് എന്നിവർ സീറ്റ് ഉറപ്പാക്കിയെങ്കിലും, യുഡിഎഫിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല.
കഴിഞ്ഞ തവണ മത്സരരംഗത്തുണ്ടായിരുന്ന ടോമി കല്ലാനി, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എ. സലിം, കെ.പി.സി.സി. അംഗം തോമസ് കല്ലാടൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, ജോമോൻ ഐക്കര, ജില്ലാപഞ്ചായത്തംഗം പി. ജീരാജ് തുടങ്ങിയവരുടെ പേരുകൾക്കൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പേരുകൾ കേൾക്കുന്നു. എൽ.ഡി.എഫിൽനിന്ന് സീറ്റ് തിരികെപ്പിടിക്കാൻ മികച്ച സ്ഥാനാർഥിയെത്തന്നെ കളത്തിലിറക്കാനുള്ള തീരുമാനത്തിലാണ് യു.ഡി.എഫ്. ഇതിനിടെ കേരള കോൺഗ്രസുമായി ഏറ്റുമാനൂർ സീറ്റ് വെച്ചുമാറുന്നുവെന്ന ചർച്ചകളുമുയർന്നിരുന്നു.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി ഒരു നഗരസഭയും ഒൻപത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പൂഞ്ഞാർ നിയോജകമണ്ഡലം.
ഇടതിനും ഐക്യമുന്നണിക്കുമൊപ്പംനിന്നിട്ടുള്ള മണ്ഡലം സ്വതന്ത്രനായിനിന്ന പി.സി. ജോർജിനെയും വിജയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ച പൂഞ്ഞാറുകാർ , കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പമായിരുന്നു. നിരവധി തവണ പി സി ജോർജിനെ വിജയിപ്പിച്ച പൂഞ്ഞാർ, കഴിഞ്ഞ തവണ അദ്ദേഹത്തെ രണ്ടാം സ്ഥാനത്ത് ഇരുത്തി, എൽഡിഎഫിലെ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണ് വിജയിപ്പിച്ചത് .
എന്നാൽ പി.സി. ജോർജ്ജിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്നാണ് എൻഡിഎ കരുതുന്നത് . അതിനാൽ തന്നെ പിസിയ്ക്ക് പകരം വയ്ക്കുവാൻ ജനപ്രീതിയും മണ്ഡല പരിചയവുമുള്ള മറ്റൊരാൾ ഇല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പി.സി കൂടി എത്തുന്നതോടെ പൂഞ്ഞാറിൽ ത്രികോണ മത്സരത്തിന് വേദിയാകും.
ജനപ്രീതിയുടെ കാര്യത്തിൽ സിറ്റിംഗ് എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും ഒട്ടും പിറകിലല്ല . കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി അദ്ദേഹം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരവധിയാണ്. ഏതൊരാൾക്കും ഏതു സമയത്തും സമീപിക്കാവുന്ന ജനകീയനായ എംഎൽഎ എന്ന സൽപ്പേരുള്ള അദ്ദേഹത്തെ തോൽപ്പിക്കുവാൻ ഇരു മുന്നണികളും പാടുപെടും എന്നുറപ്പാണ് .
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ, തിടനാട്, പൂഞ്ഞാർ, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുമ്പോൾ, തീക്കോയി, പാറത്തോട്, കോരുത്തോട് എന്നീ പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിന്റെ കൈകളിലാണ് . പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് എൻ.ഡി.എ. ഭരിക്കുന്നു .
