KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ 72 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.

എരുമേലി : രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച ഇന്ത്യൻ കറൻസിയും മലേഷ്യൻ കറൻസിയും ഉൾപ്പടെ 72 ലക്ഷം രൂപയോളം ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് എരുമേലിയിൽ നിന്നും പിടികൂടി. ഒരാൾ അറസ്റ്റിൽ. എരുമേലി ചരള സ്വദേശി മാളികവീട് അബ്ദുൽ ഷുക്കൂർ (70) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെ എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഇയാളെ പണവുമായി പിടികൂടിയത്.

രണ്ട് വർഷം മുമ്പ് ഇയാളുടെ സുഹൃത്തിനെ പൊൻകുന്നത്ത് നിന്ന് 65 ലക്ഷവുമായും ബന്ധുവിനെ 40 ലക്ഷവുമായി കണ്ണൂരിൽ നിന്നും പോലിസ് പിടികൂടിയിരുന്നു. ഇരുവരും തങ്ങൾക്ക് അബ്ദുൽ ഷുക്കൂർ മുഖേനെ ആണ് പണം ലഭിച്ചതെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അബ്ദുൽ ഷുക്കൂർ ഇത് നിഷേധിച്ചിരുന്നു. ഇതോടെ പോലിസ് നിരീക്ഷണത്തിലായിരുന്നു ഷുക്കൂർ എന്ന് പോലിസ് പറഞ്ഞു.

ഇന്നലെ ബാംഗ്ലൂരിൽ നിന്ന് രാവിലെ പാലായിൽ ബസിൽ വന്നിറങ്ങി കെഎസ്ആർടിസി ബസിൽ എരുമേലിയിലേക്ക് ഷുക്കൂർ വരുമ്പോൾ പിന്നാലെ വാഹനത്തിൽ പോലിസ് രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ഇന്ത്യൻ കറൻസി 500 ന്റെ 12,094 നോട്ടുകളും 200 ന്റെ 115 നോട്ടുകളും അടങ്ങുന്ന കെട്ട് ഇയാളിൽ നിന്നും പോലിസ് കണ്ടെടുത്തു. ഇത് 60,7000 രൂപയുണ്ട്. ഇത് കൂടാതെ 11 ലക്ഷം ഇന്ത്യൻ മൂല്യം കണക്കാക്കുന്ന വിദേശ കറൻസി നോട്ടുകളും ലഭിച്ചു. ഈ പണത്തിനൊന്നും മതിയായ രേഖകൾ ഇല്ലായിരുന്നു എന്ന് പോലിസ് പറഞ്ഞു. തുക ആര് തന്നു, ആർക്കാണ് കൈമാറുന്നത് ഉൾപ്പടെ ചോദ്യങ്ങൾക്ക് പ്രതി മറുപടി നൽകിയില്ലന്നും പോലിസ് അറിയിച്ചു.

നോട്ട് എണ്ണൽ യന്ത്രം ഉപയോഗിച്ചും ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് നാട്ടുകാരുടെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് വെച്ച് പോലിസ് തെളിവെടുപ്പ് ഉൾപ്പടെ കേസ് നടപടികൾ പൂർത്തിയാക്കിയത്. മറ്റ് നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു. ആദായ നികുതി വകുപ്പ് ആണ് തുടർ അന്വേഷണം നടത്തുക.

ബിഎൻഎസ് 35 വകുപ്പ് (3) പ്രകാരം പ്രതിക്ക് നോട്ടീസ് നൽകി കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചേക്കുമെന്നും പോലിസ് പറയുന്നു. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ ഡി ബിജുവിന്റെ നേതൃത്വത്തിൽ എരുമേലി പോലിസ് അറസ്റ്റ് ഉൾപ്പടെ നടപടികൾക്ക് ജില്ലാ പോലിസ് മേധാവിയുടെ സ്‌ക്വാഡ് ടീമിന് നേതൃത്വം നൽകി.

error: Content is protected !!