സീറോ മലബാർ സഭ സമുദായശക്തീകരണവർഷം – കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയിൽ റാലിയും പൊതുസ മ്മേളനവും മെയ് 3ന്.
കാഞ്ഞിരപ്പള്ളി : സീറോ മലബാർ സഭ 2026 വർഷം സമുദായശക്തീകരണവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയിൽ റാലിയും പൊതുസ മ്മേളനവും മെയ് 3-ാം തീയതി ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് നടത്തുന്നു. ഏപ്രിൽ 18 മുതൽ മെയ് 2 വരെ നടന്നുവരുന്ന കൂട്ടായ്‌മകളുടെ സംഗമങ്ങളുടെ സമാപനമാണ് വിപുലമായി ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്നും ആരംഭിക്കുന്ന റാലി, ടൗൺ ചുറ്റി മഹാജൂബിലി ഹാളിൽ എത്തുന്നു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് വെള്ളമറ്റം റാലി ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്. തുടർന്ന് പൊതുസമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കും.
കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് റവ.ഡോ. കുര്യൻ താമരശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ ഉദ്‌ഘാടനം ചെയ്യും. ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വിഷയാവതരണം നടത്തും. തുടർന്ന് സമുദായ ശക്തീകരണപ്രതിജ്ഞയോടെ യോഗം സമാപിക്കും.
പ്രായോഗിക നടപടികളിലൂടെ സമുദായബോധം പകർന്നുകൊടുക്കുകയും, സമുദായ സ്നേഹം വളർത്തുകയും, സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുകയും സമുദായ മുന്നേറ്റങ്ങൾക്ക് പുനരാരംഭം കുറിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമുദായ ശക്തീകരണവർഷം ആരംഭിച്ചിരിക്കുന്നത്. വർഗീയതയിൽനിന്നും വ്യത്യസ്‌തമായി, സമുദായബോധവും സ്നേഹവും, കൂട്ടായ്‌മയും വളർത്തുന്ന ദൗത്യമാണ് ഇടവകസമൂഹം ഏറ്റെടുത്തിരിക്കുന്നത്.
കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് കുര്യൻ താമരശ്ശേരി, അസി. വികാരിമാരായ റവ.ഫാ. റ്റോണി മുളങ്ങാശ്ശേരി, റവ. ഫാ. ജസ്റ്റിൻ മണിമല, കൈക്കാരൻമാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പിൽ, ഇട്ടിരാച്ചൻ കൊല്ലംകുളം, റ്റി.സി. ചാക്കോ വാവലുമാക്കൽ, പി.കെ. കുരുവിള പിണമറുകിൽ, ജനറൽ കൺവീനർ ജേക്കബ് ചെറിയ മുക്കട, പബ്ലിസിറ്റി കൺവീനർ റെജി കൊച്ചുകരിപ്പാപറമ്പിൽ, റാലി കൺവീനർ റെജി കൈപ്പൻപ്ലാക്കൽ വിവിധ കമ്മിറ്റികൺവീനർമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
