വി.ബാലചന്ദ്രൻ പുരസ്‌കാരം എൻ.ഡി.ശിവന്
പനമറ്റം: കവിയും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർഥം ദേശീയവായനശാല ഏർപ്പെടുത്തിയ പുരസ്‌കാരം എൻ.ഡി.ശിവന്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗമാണ് എൻ.ഡി.ശിവൻ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ മുൻസെക്രട്ടറിയും ഇഫക്ടീവ് ടീച്ചർ എന്ന സംഘടനയുടെ സ്ഥാപകാംഗവുമാണ്. ആകാശത്തെ അത്ഭുതക്കാഴ്ചകൾ, മെഗാ ലാബ് എന്നീ രണ്ടുപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1978 മുതൽ മറ്റക്കര ജ്ഞാനപ്രകാശിനി വായനശാലയുടെ പ്രവർത്തകനാണ്. ഭാര്യ സലില തയ്യൽ ജോലി ചെയ്യുന്നു. മകൻ അഖിൽ എസ്.കിരൺ സൗണ്ട് എൻജിനീയറും മികച്ച പശ്ചാത്തലസംഗീതത്തിന് സംസ്ഥാനസർക്കാരിന്റെ പുരസ്‌കാര ജേതാവുമാണ്. മറ്റൊരു മകൻ നിഖിൽ എസ്.പ്രവീൺ മികച്ച ചലച്ചിത്ര ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്. ഈ മാസം 10-ന് രാവിലെ 10-ന് പനമറ്റം ദേശീയവായനശാലയിൽ വി.ബാലചന്ദ്രൻ അനുസ്മരണച്ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് ഇ.സന്തോഷ്‌കുമാർ അവാർഡ് സമ്മാനിക്കും. ഡോ.സുനിൽ പി.ഇളയിടം അനുസ്മരണപ്രഭാഷണം നടത്തും.
