കാഞ്ഞിരപ്പള്ളി മാജിസ് ടേബിൾ ടെന്നീസ് അക്കാദമി ഉദ്ഘാടനം 24 ന്.
കാഞ്ഞിരപ്പള്ളി: നാടിന്റെ കായിക സ്വപ്നങ്ങൾക്ക് പുതിയൊരു അധ്യായം കുറിച്ച് ‘മാജിസ് ടേബിൾ ടെന്നീസ് അക്കാദമി കാഞ്ഞിരപ്പള്ളിയുടെ’ ഔദ്യോഗിക ഉദ്ഘാടനവും നാമകരണ ചടങ്ങും മെയ് 24 ഞായറാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങ് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (TTFI) സീനിയർ വൈസ് പ്രസിഡന്റ് ശ്രീമതി പത്മജ എസ്. മേനോൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മണിക്ക് അക്കാദമിയുടെ പുതിയ പരിശീലന കേന്ദ്രമായ ‘മാജിസ് അരീന’യുടെ വെഞ്ചരിപ്പ് കർമ്മത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. എ.കെ.ജെ.എം സ്കൂൾ പ്രിൻസിപ്പാളും അക്കാദമി രക്ഷാധികാരിയുമായ റവ. ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും. തുടർന്ന് പരിശീലകർക്കും വിദ്യാർത്ഥികൾക്കുമുള്ള പുതിയ മാജിസ് ജേഴ്സി പ്രകാശനം വിശിഷ്ടാതിഥികൾ നിർവഹിക്കുന്നതാണ്. ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി ജോസഫ് പത്യാല അധ്യക്ഷത വഹിക്കും. അക്കാദമി ചീഫ് കോച്ചിംഗ് കോർഡിനേറ്റർ ശ്രീ. ടോമി ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ, റവ. ഫാ. അഗസ്റ്റിൻ പീടികമല രക്ഷാധികാരിയുടെ സന്ദേശം നൽകും.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ജോയ് മുണ്ടമ്പള്ളി, ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള (TTAK) കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ. ഫിലിപ്പ് നിക്കോളാസ് പള്ളിവതുക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. ചടങ്ങിൽ വെച്ച് ഐ.ടി.ടി.എഫ്. (ITTF) ലെവൽ 2 കോച്ചിംഗ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ശ്രീ. ടോമി ജോസിനെ മുഖ്യാതിഥി ആദരിക്കും. കൂടാതെ, 2025-26 അധ്യയന വർഷം കേരള സ്റ്റേറ്റ് സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്, സി.ഐ.എസ്.സി.ഇ. (CISCE) സംസ്ഥാന തല മത്സരങ്ങൾ എന്നിവയിൽ ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് വിശിഷ്ടാതിഥികൾ മെമന്റോകൾ സമ്മാനിക്കുന്നതുമാണ്. മുഖ്യാതിഥിക്കുള്ള ഉപഹാര സമർപ്പണത്തിന് ശേഷം അക്കാദമി കൺവീനർ ഡോ. ഷിജോ കെ ചെറിയാൻ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും.
