KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇരുപത്താറാംമൈൽ പാലത്തിനടിയിൽ മാലിന്യകൂമ്പാരം..

കാഞ്ഞിരപ്പള്ളി: ഇരുപത്താറാം മൈൽ പാലത്തിനു താഴെ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ. പുഴയുടെ ഒഴുക്ക് തടസപ്പെടുന്ന രീതിയിലാണ് കുളവാഴകൾ തോട്ടിൽ നിറഞ്ഞിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങളെല്ലാം പാലത്തിനു സമീപം കെട്ടിക്കിടക്കുകയാണ്. തോട്ടിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾക്കു പുറമേ പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിനു മീതെ കിടക്കുകയാണ്.

ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മാലിന്യത്തിന്റെ ദുർഗന്ധം മൂലം സമീപത്തെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്. ഒഴുക്ക് തടസപ്പെട്ട് കിടക്കുന്നതിനാൽ ശക്തമായ മഴ പെയ്താൽ സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറുന്നതിനിടയാക്കും. നിലവിൽ മാലിന്യം കെട്ടിക്കിടക്കുന്നത് പാലത്തിന്റെ തൂണുകൾക്ക് നാശമുണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

പാലത്തിന് അടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കുളവാഴകളും മാലിന്യങ്ങളും അടിയന്തിരമായി നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

error: Content is protected !!