KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ H1N1 പനി മരണം ; എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം പനി മരണം. പനി സൂക്ഷിച്ചില്ലെങ്കിൽ മാരകമായേക്കും..

കാഞ്ഞിരപ്പള്ളി : ബുധനാഴ്ച മരണപ്പെട്ട കാഞ്ഞിരപ്പള്ളി കപ്പാട്‌ സ്വദേശിയായ ജൂവലറി ജീവനക്കാൻ ജെയ്‌സൺ ജോസഫിന്റെ മരണം H1N1 പനി മൂലം ആണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി . പനിബാധിച്ച് ചികിത്സയിലായിരുന്ന എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മഴ തുടങ്ങിയതോടെ പനി ബാധിതരുടെ എണ്ണം നാൾതോറും ഇരട്ടിക്കുകയാണ്. സൂക്ഷിച്ചില്ലെങ്കിൽ പല പനികളും മാരകമായേക്കാം .

കാഞ്ഞിരപ്പള്ളിയിൽ പനിബാധിച്ചു മരിച്ചയാൾക്ക് എച്ച്1എൻ1 ആയിരുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അടുത്തിടപഴകിയ ഏഴ് പേർ നിരീക്ഷണത്തിലാണ് . കാഞ്ഞിരപ്പള്ളി കപ്പാട് ജെയ്‌സൺ ജോസഫ് (49) ആണ് പനി ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.

പനി തുടങ്ങിയപ്പോൾ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത് . എന്നാൽ ദിനംപ്രതി പനി കൂടിവരികയും , മരുന്നുകൾ ഫലിക്കാതിരിക്കുകയും ചെയ്തതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് . എച്ച്1എൻ1 എന്ന സംശയം തുടക്കം മുതൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് സാമ്പിളുകൾ ആരോഗ്യ പ്രവർത്തകർ പരിശോധനക്ക് അയച്ചിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഫലം വന്നത്. എച്ച്1എൻ1 എന്ന സംശയത്തെ തുടർന്ന് സംസ്‌കാര ചടങ്ങുകൾക്ക് പ്രോട്ടോക്കോൾ പാലിച്ചു നടപ്പാക്കാൻ ഡി.എം.ഒ നിർദേശം നൽകിയിരുന്നു. അടുത്തിടപഴകിതിനെ തുടർന്ന് നിരീക്ഷണത്തിലുള്ള ഏഴ് പേർക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നുണ്ട്. ജെയ്‌സൺ ഇടപഴകിയിരുന്ന 22 പേരുടെ പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

എരുമേലിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു .എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി എൻ അരുൺ കുമാർ (45) ആണ് മരിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. പെയിന്റിംഗ് പ തൊഴിലാളിയാണ്. അവിവാഹിതനായിരുന്നു. പനിയെ തുടർന്ന് മുക്കൂട്ടുതറയിൽ സ്വകാര്യ ആശുപത്രിയിൽ ആണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം സംഭവിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

മുണ്ടക്കയത്തും കഴിഞ്ഞ ദിവസം പനി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . കാഞ്ഞിരപ്പള്ളി താലൂക്കിൽ മരണപ്പെട്ട മൂന്ന് പേരും അമ്പത് വയസ്സിൽ താഴെയുള്ളവരാണ്.

error: Content is protected !!