ഊത്തപിടിച്ചാൽ പിടിവീഴും .. 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം..
കാലവർഷം എത്താറായി. പുഴമീനുകളുടെ പ്രജനനകാലവുമായി. എന്നാൽ, വയറുനിറയെ മുട്ടകളുമായി എത്തുന്ന ഈ നാടൻ മീനുകളെ വിനോദത്തിനായി പിടികൂടരുതെന്ന് ഫിഷറീസ് വകുപ്പ്. ജൂൺ പകുതിയോടെ പെയ്യുന്ന കാലവർഷത്തോടൊപ്പമാണ് പുഴമീനുകളുടെ പ്രജനന കാലം ആരംഭിക്കുന്നത്. ഈ സമയത്ത് മത്സ്യങ്ങൾ ഒഴുക്കിനെതിരെ നീന്തി പാടശേഖരങ്ങളിലേക്കും തോടുകളിലേക്കും ചാലുകളിലേക്കും കയറിവരും. ഇവിടങ്ങളിലാണ് പ്രജനന പ്രക്രിയ പൂർത്തിയാക്കുന്നത്. ഈ യാത്രയ്ക്കിടെയാണ് മീനുകൾ ചൂണ്ടയിലും വലയിലും കൂടുങ്ങുന്നത്. ഒഴുക്കിനെതിരെ നീന്തുന്ന അമ്മമീനുകളെ കൂട്ടത്തോടെ പിടികൂടുന്ന ഊത്തപിടിത്തം പൂർണമായി നിരോധിച്ചു. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
ജലാശയങ്ങളിൽ കാണപ്പെടുന്ന വരാൽ, കാരി, കൂരി, പരൽ, പള്ളത്തി, മഞ്ഞക്കൂരി, ചെമ്പല്ലി തുടങ്ങി വംശനാശഭീഷണി നേരിടുന്ന ഇരുനൂറിലധികം ശുദ്ധജല മത്സ്യങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാനാണ് നിയന്ത്രണം. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിന് തടസ്സം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചു. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവർക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും എതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
