KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലഹരിക്കെതിരെ ബോധവത്‌കരണവുമായി ആനക്കല്ല്‌ സെന്റ് ആന്റണിസ് പബ്ലിക്‌ സ്‌കൂൾ.

കാഞ്ഞിരപ്പള്ളി: ലഹരിവിരുദ്ധ ബോധവത്‌കരണത്തിന്റെ ഭാഗമായി ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍ “ഓപ്പറേഷന്‍ തൂഫാന്‍ – ദ നാര്‍കോ ഹണ്ട്‌” എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.

മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി വിശാല്‍ ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെയുള്ള കൊടുങ്കാറ്റായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ സ്വാഗതം ആശംസിച്ചു.

കാഞ്ഞിരപ്പള്ളി പോലീസ്‌ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ സി.കെ. മനോജ്‌ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്‌കരണ ക്ലാസ്‌ നടത്തി. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ പങ്കിനെക്കുറിച്ചും രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട യുവതലമുറ ലഹരിക്കടിമപ്പെട്ടാല്‍ അത്‌ സമൂഹത്തിനും രാജ്യത്തിനും ഭീഷണിയായി മാറുമെന്നും അദ്ദേഹം കുട്ടികളോട്‌ പറഞ്ഞു. അതുകൊണ്ട്‌ മറ്റ്‌ കാര്യങ്ങളിലേയ്‌ക്ക്‌ ശ്രദ്ധ പോകാതെ, പഠനം മാത്രം പ്രധാന ലക്ഷ്യമാക്കി, നല്ല ഒരു ഭാവി കണ്ടെത്തി, തങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കള്‍ക്ക്‌ അവരുടെ വാര്‍ദ്ധക്യത്തില്‍ തണലാകേണ്ട ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ക്യാപ്‌റ്റന്‍ കൃഷ്‌ണദേവ്‌ പി.ആര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥി പ്രതിനിധി നിദ ഫാത്തിമ നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരാന്‍ പ്രചോദനം നല്‍കുക എന്നിവയാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.

error: Content is protected !!