ഗാന്ധി ചിത്രത്തിന് മുമ്പിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്ത് കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.
കാഞ്ഞിരപ്പള്ളി : ഗാന്ധി സമാധിദിനമായ ജനുവരി 30 ന് അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്. എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ഏകദേശം ആയിരത്തോളം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ കൊണ്ട് നിർമ്മിച്ച ഗാന്ധിജിയുടെ ചിത്രം സ്ഥാപിച്ചിരുന്നു.സ്വച്ച് ഭാരത് എന്ന ഗാന്ധിയൻ ആപ്തവാക്യത്തെ സാക്ഷാത്കരിക്കാൻ വേണ്ടി വേസ്റ്റ് ടു ആർട്ട് എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി മാലിന്യ സംസ്കാരത്തിനെതിരെ ഒരു താക്കീത് എന്ന നിലയ്ക്കായിരുന്നുആ ചിത്രം സ്ഥാപിച്ചത്.
എന്നാൽ ആ ചിത്രത്തിന്റെ തൊട്ടു താഴെയായി ബസ് സ്റ്റാൻഡിന്റെ സമീപം ഉള്ള വ്യാപാരസ്ഥാപനങ്ങളിലേയും വീടുകളിലെയും മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുകയും , കാലക്രമേണ അവിടം അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഒരു കേന്ദ്രമായി മാറുകയും ചെയ്തു .
യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കുമെല്ലാം ഈ പ്രശ്നം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി.
അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിലെ എൻ.എസ്.എസ് വോളന്റീയേഴ്സ് , ചൊവ്വാഴ്ച രാവിലെ ഈ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യുകയും ബസ്സ്സ്റ്റാന്റും പരിസരവും ശുചീകരിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, പ്രിൻസിപ്പൽ ഓമന പി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ജിലു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ. തോമസ് , അധ്യാപകരായ ടിബിൻ തോമസ്, സ്റ്റെല്ല ജോർജ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

