ആനക്കല്ല് – പൊന്മല – പൊടിമറ്റം റോഡിലെ അപകടകുഴി താൽക്കാലികമായി അടച്ചു.
കാഞ്ഞിരപ്പള്ളി : ആനക്കല്ല് – പൊന്മല – പൊടിമറ്റം റോഡിലെ അപകടകുഴി താൽക്കാലികമായി അടച്ചു. കനത്ത മഴയെ തുടർന്നാണ് വെള്ളിയാഴ്ച, റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. ഇതോടെ ഭാരവാഹനങ്ങൾക്കു പൊലീസ് റോഡിൽ താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിരുന്നു. മുണ്ടക്കയം ഭാഗത്തു നിന്നും, ദേശീയപാത വഴി എത്തുന്ന വാഹനങ്ങൾ, കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ ഈരാറ്റുപേട്ട റോഡിലേക്ക് നേരിട്ട് പോകാവുന്ന, ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. വലിയ കുഴി രൂപപ്പെട്ടതോടെ അപകട മുന്നറിയിപ്പിനായി നാട്ടുകാർ കുഴിയിൽ വാഴ നാട്ടിയിരുന്നു. പൊലീസ് അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ പി എം ജി എസ് വൈ പദ്ധതിയിലുൾപ്പെടുത്തി, 2022ലാണ്, റോഡ് നവീകരിച്ചത്. അഞ്ച് വർഷത്തേക്ക് പരിപാലനം കൂടി ഉൾപ്പെടുത്തിയാണ് റോഡിന് ഫണ്ട് അനുവദിച്ചത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് അറ്റകുറ്റപണികൾ തീർക്കുന്നതിന് സാധിച്ചു . വാർഡ് മെമ്പർ ജാക്വലിൻ സെബാസ്റ്റ്യൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുൻകൈ എടുത്തു .
