പാറമടക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം : പാറമടകൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം.
എരുമേലി : കൊടിത്തോട്ടത്തിലെ പാറമടക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ച സാഹചര്യത്തിൽ, ഈ മേഖലയിലെ പാറമടകൾക്ക് അനുമതി നൽകിയതും പാറമടകളുടെ പ്രവർത്തനം സംബന്ധിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്നും, മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കെപിഎംഎസ് കൊടിത്തോട്ടം ശാഖാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ മുങ്ങി മരിച്ച, പാറമടയിൽ പാറ ആഴത്തിൽ പൊട്ടിച്ചതുമൂലം പാറമടക്കുളം രൂപപ്പെട്ട നിലയിലായിരുന്നു. ആറു മാസം മുൻപ് കാലാവധി കഴിഞ്ഞ പാറമട പ്രവർത്തനം നിർത്തിയെങ്കിലും മഴയായതോടെ അരയേക്കറോളം സ്ഥലത്ത് 15 അടി താഴ്‌ചയിൽ വെള്ളം കെട്ടി നിന്ന് വലിയ ജലാശയം രൂപപ്പെട്ടിരുന്നു. രണ്ട് വിദ്യാർഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചിട്ടും പാറമട പ്രദേശത്ത് പരിശോധന നടത്താനോ, കുടുംബങ്ങൾക്ക് സഹായധനം നൽകാനോ പഞ്ചായത്തോ, റവന്യൂ വകുപ്പോ തയാറായില്ല. അനധികൃത ഖനനം നടന്നത് അധികൃതരുടെ അനുമതിയോടെയാണെന്നും ഭാരവാഹികൾ ആരോപിച്ചു.
കൊടിത്തോട്ടം മേഖലയിൽ പാറമട ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും പ്രവർത്തനം സംബന്ധിച്ചും വിജിലൻസ് അന്വേഷണം വേണം. പാറമട ലോബിയുടെ അനധികൃത ഖനനം സംബന്ധിച്ച് ഒട്ടേറെ തവണ ജില്ലാ കലക്ടർക്കും, പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും മറുപടി ലഭിക്കുകയോ, സ്ഥലം പരിശോധിക്കാനെത്തുകയോ ചെയ്‌തില്ലെന്നു ഭാരവാഹികൾ പറഞ്ഞു. അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കെപിഎംഎസ് കൊടിത്തോട്ടം ശാഖ വൈസ് പ്രസിഡന്റ് അനുമോൾ ഭഗത്, എരുമേലി യൂണിയൻ കമ്മിറ്റിയംഗം എ.സി. അനിൽ, എൻ രാജു തുടങ്ങിയ വർ അറിയിച്ചു.
കൊടിത്തോട്ടം പാറമടക്കുള ത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചിട്ടും ഇവരുടെ കുടുബങ്ങൾ ക്കു നീതി ലഭിക്കാത്തതിൽ എൻ സിപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇനിയൊരു ദുരന്തം ആവർത്തിക്കാതെ ഇരിക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയം അറിയിച്ചു.
