KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല വിമാനത്താവളം എരുമേലിയിൽ സ്ഥാപിക്കണം: എരുമേലിയിൽ കർമസമിതി രൂപീകരിച്ചു.

എരുമേലി . ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം എരുമേലിയിൽ തന്നെ സ്ഥാപിക്കുന്നതിനും നടപടികൾ വേഗത്തിലാക്കുന്നതിനും വേണ്ടി കർമസമിതി രൂപീകരിച്ചു. മുൻപ് വിമാനത്താവള നിർമാണത്തിന്റെ നടപടികൾക്കായി രൂപീകരിച്ച ഗ്രീൻഫീൽഡ് ഇന്റർനാഷനൽ എയർപോർട്ട് വികസന സമിതിയാണ് കർമ സമിതിയായി മാറ്റിയത്. എൽഡിഎഫ്, ബിജെപി നേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും ഉൾപ്പെടുന്നതാണ് കർമസമിതി. യുഡിഎഫ് നേതൃത്വം യോഗത്തിൽ നിന്ന് വിട്ടുനിന്നു.

എംപി, എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിനു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാനും കർമസമിതി തീരുമാനിച്ചു. വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്ക് എതിരെയും സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടും കർമസമിതി ധർണ നടത്തും. വിമാനത്താവളം എരുമേലിയിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഭരണസമിതിയും പ്രമേയം പാസാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കൂടുതൽ അംഗങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തി കമ്മിറ്റി വിപുലമാക്കും.

മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുബിച്ചൻ തോമസ്, എരുമേലി വികസന കൗൺസിൽ ചെയർമാൻ ബാബു തോമസ്, ടി.എസ്. കൃഷ്ണകുമാർ, വി.പി. സുഗതൻ, ബിനോ ജോൺ ചാലക്കുഴി, പഞ്ചായത്ത് അംഗം സുധാ വിജയൻ എന്നിവർ പ്രസംഗിച്ചു.

ടി.എസ്. കൃഷ്ണകുമാറിനെ എരുമേലി ഗ്രീൻ ഫീൽഡ് വിമാനത്താവളം കർമ സമിതി യുടെ ചെയർമാനായും ബിനോ ജോൺ ചാലക്കുഴിയെ ജനറൽ കൺവീനർ ആയും തെരെഞ്ഞെടുത്തു .

error: Content is protected !!