കാഞ്ഞിരപ്പള്ളി ബൈപാസ് മേൽപ്പാലം തൂണിന്റെ കോൺക്രീറ്റിംഗ് പ്രതിസന്ധി നീങ്ങുന്നു ; IIT യുടെ അപ്രൂവൽ ലഭിച്ചു ; ഇനി വേണ്ടത് കൺസൽട്ടന്റിന്റെ അനുമതി.
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ, ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണങ്ങളിൽ ഒന്നായ, കാഞ്ഞിരപ്പള്ളി മണിമല റോഡിലെ പില്ലർ നിർമ്മാണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയായിരുന്നു . പില്ലറിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റിംഗ് രണ്ടാം ഘട്ടത്തിന് ഐ.ഐ.ടിയുടെ ഔദ്യോഗിക ഡിസൈൻ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് മുടങ്ങി കിടന്നത് . എന്നാൽ കഴിഞ്ഞ ദിവസം ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന തൂണിന്റെ രൂപരേഖയ്ക്ക് ഐ.ഐ.ടി. മണ്ഡിയുടെ അംഗീകാരം ലഭിച്ചു. തൂണിന്റെ നിർമാണത്തിൽ ചില മാറ്റങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. തൂണിന്റെ കമ്പി സ്ഥാപിക്കലടക്കമുള്ള ചെറിയ മാറ്റങ്ങളിൽ നിർമാണ കൺസൾട്ടൻസിയായ റൈറ്റ്സിന്റെ നിർദേശം ലഭിച്ചാൽ നിർമാണം വേഗത്തിലാക്കാൻ കഴിയുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബിയുടെ ആത്മാർത്ഥമായ ഇടപെടൽ മൂലമാണ് IIT യുടെ അനുമതി വേഗത്തിൽ ലഭിച്ചത് ..
തെരുവത്ത് കൺസട്രക്ഷൻസ് കമ്പനിയാണ് ബൈപാസ് നിർമ്മണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി നിർവഹണം നടത്തേണ്ടത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡും ആണ് . പദ്ധതിയുടെ കൺസൾട്ടന്റ് RITES ആണ് .
ജൂലൈ ആദ്യവാരം തന്നെ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള കമ്പികെട്ട് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. തൂണിന്റെ നിർമ്മാണത്തിനായി വാനം മാന്തിയപ്പോൾ, ഉറപ്പിനായി കൂടുതൽ ആഴത്തിൽ കുഴിക്കേണ്ടി വരികയും, ഫൗണ്ടേഷനിൽ ചെരിവുള്ള കല്ല് കണ്ടതിനെ തുടർന്ന് പില്ലറിന്റെ ഡിസൈനിൽ നേരിയ മാറ്റം വരുത്തണമായിരുന്നു. ബൈപ്പാസിന്റെ കോൺസൽട്ടിങ് കമ്പനി, ഐ.ഐ.റ്റി മണ്ഡിയുമായി കൺസൾട്ടിങ് നടത്തിയാണ് മേൽ പാലത്തിന്റെ ഡിസൈൻ ചെയ്തിരുന്നത് . അതിനാൽ പില്ലർ നിർമ്മാണം മുൻപോട്ട് കൊണ്ടുപോകണമെങ്കിൽ, മാറിയ സാഹചര്യത്തിൽ ഐ.ഐ.റ്റി യുടെ ഔദ്യോഗിക ഡിസൈൻ അപ്രൂവൽ വേണമായിരുന്നു .പുതിയ രൂപരേഖ തയ്യാറാക്കി ഐ.ഐ.ടി.യുടെ അംഗീകാരത്തിനായി അയച്ചിരുന്നു.അംഗീകാരം രേഖാമൂലം ലഭിക്കുന്നത് വൈകിയതോടെ കോൺക്രീറ്റ് ചെയ്യുന്നത് വൈകിയിരുന്നു. പ്രൊഫ. റോണി കെ. ബേബി എം എൽ എ ഇടപെട്ടതോടെ, വാക്കാൽ ഉള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും, ഔദ്യോഗിക അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം വന്നതോടെ കോൺട്രാക്ടർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവക്കേണ്ടതായി വന്നു . ഒരാഴ്ചയായി കോൺക്രീറ്റിംഗ് നടത്തുന്നതിന് പണിക്കാരും, യന്ത്രങ്ങളടക്കം സ്ഥലത്തെത്തിച്ച്, കോൺട്രാക്ടർ അനുമതിക്കായി കാത്തിരിക്കുയായിരുന്നു . തുടർന്ന് പ്രൊഫ. റോണി കെ. ബേബി എം എൽ എ , മുൻകൈയെടുത്ത്, ഐ.ഐ.റ്റി മണ്ഡിയിലെയും , ഐ.ഐ.റ്റി ചെന്നൈയിലെയും വിദഗ്ധരുമായി ചർച്ച ചെയ്ത് , പ്രശ്നപരിഹാരം നടത്തുകയായിരുന്നു.
രണ്ടുമാസം മുൻപ് ആരംഭിച്ച മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണത്തിന് കുഴിയെടുത്തപ്പോൾ ഉറപ്പിനായി കൂടുതൽ താക്കേണ്ടിവന്നതോടെ തൂണിന്റെ നിർമാണഘടനയിൽ മാറ്റം വേണ്ടിവന്നിരുന്നു. ഇതേത്തുടർന്ന് പുതിയ രൂപരേഖ തയ്യാറാക്കി ഐ.ഐ.ടി.യുടെ അംഗീകാരത്തിനായി അയച്ചിരുന്നു.അംഗീകാരം രേഖാമൂലം ലഭിക്കുന്നത് വൈകിയതോടെ കോൺക്രീറ്റ് ചെയ്യുന്നത് വൈകിയിരുന്നു. നിലവിൽ കമ്പികെട്ട് അടക്കം പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്യുന്നതിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പുതിയ രൂപരേഖയ്ക്കനുസരിച്ച് മാറ്റംവരുത്തിയ ശേഷമാകും കോൺക്രീറ്റിങ് നടത്തുക.
പില്ലർ നിർമ്മണം നടക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി-മണിമല റോഡ് പൂർണമായും കഴിഞ്ഞ രണ്ടുമാസമായി അടച്ചിട്ടിരിക്കുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാർ കുന്നുംഭാഗത്ത് നിന്ന് ടിബി റോഡ് വഴിയും , ദേശീയപാതയിൽ എകെജെഎം സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ടിബി റോഡിൽ പ്രവേശിച്ചുമാണ് മണ്ണാറക്കയത്ത് എത്തുന്നത്. ബസുകളടക്കം ചുറ്റിക്കറങ്ങിപ്പോകേണ്ടതിനാൽ യാത്ര ബുദ്ധിമുട്ടിലാണ്. റോഡുകളാകട്ടെ തകർന്ന നിലയിലാണ് . എകെജെഎം സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ടിബി റോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശത്തേയും ടാറിങ് ഇളകി, കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുവാൻ സാധ്യത വളരെ കൂടുതലാണ്.
ബൈപാസിന്റെ മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണം ഒരാഴ്ചയായി താത്കാലികമായി നിലച്ചതോടെ നാട്ടുകാർ ചേർന്ന് ഈ റോഡ് വെള്ളിയാഴ്‌ച തുറന്നിരുന്നു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അതുവഴി പോകുവാനും തുടങ്ങിയിരുന്നു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാർ ഒന്നിച്ചു ചേർന്ന് റോഡ് തുറന്നത്. എന്നാൽ ഒരു ദിവസത്തിന് ശേഷം , ബൈപാസ്സ് പില്ലർ നിർമ്മാണ ഭാഗത്തു കൂടി ഇരുചക്ര വാഹനങ്ങൾക്ക് മാത്രം തത്കാലികമായി അനുമതി നൽകി , കാറുകൾ അടക്കമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. നിർമാണ സ്ഥലത്തുകൂടി കാറുകളടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് അധികൃതർ ഗതാഗതം നിരോധിച്ചത്. നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ, അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും വീണ്ടും നിരോധിക്കും .
മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ദേശീയ പാത 183 യില്‍ ഉള്ള വളവില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനു കുറുകെ മേല്‍പ്പാലം നിര്‍മ്മിച്ച് ദേശീയപാതയിലെ റാണി ഹോസ്പിറ്റലിനും സമീപം എത്തുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തില്‍ 15 മുതല്‍ 18 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഇതിനായി മൂന്ന് ഹെക്ടര്‍ 49 ആര്‍ 84 ച.മീ. സ്ഥലം ആണ് പദ്ധതിക്ക് ആകെ ആവശ്യമായിരുന്നത്. (8 ഏക്കര്‍ 42.8 സെന്റ് സ്ഥലം). 29 വസ്തു ഉടമസ്ഥരില്‍ നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടന്ന ഭൂമി സര്‍ക്കാര്‍ 24.76 കോടി രൂപ നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.
ബൈപാസിന് ഏഴ് മീറ്റര്‍ വീതിയുള്ള അവിഭക്ത രണ്ട്-വരി കാരിയേജ് വേ ഉണ്ട്. ഇരുവശത്തും 1.5 മീറ്റര്‍ ടൈല്‍ഡ് ഫുട്പാത്ത്, അതിന് പുറമേ ഇരുവശത്തും ഒരു മീറ്റര്‍ വീതിയില്‍ മണ്‍ പ്രദേശം, ആവശ്യമായ സ്ഥലങ്ങളില്‍ ഫുട്പാത്ത് കം ഡ്രെയിനേജും നിര്‍ദേശിച്ചിട്ടുണ്ട്. മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും കുറുകെയുള്ള പാലത്തിന് 90 മീ നിളമാണ് ആണ് ഉള്ളത്. ആകെയുള്ള വീതി 14.50 മീറ്ററില്‍ 7.50 മീറ്റര്‍ വീതിയുള്ള അവിഭക്ത രണ്ടുവരി പാത, 1.50 മീറ്റര്‍ നടപ്പാത എന്നിവ ഉള്‍പ്പെടുന്നു. 1.50 മീറ്റര്‍ ഫുട്പാത്ത്, 0.25 മീറ്റര്‍ ഹാന്‍ഡ് റെയില്‍, ഇരുവശങ്ങളിലും 0.50 മീറ്റര്‍ ക്രാഷ് ബാരിയറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
